മറിയത്തിന്റെ സാന്നിധ്യം നിറഞ്ഞ എല്ലാ ഭവനങ്ങളിലും ജീവന്റെ തുടിപ്പും ജീവന്റെ സമൃദ്ധിയും ഉണ്ടായിരുന്നു.
വി. യോവാക്കിം, അന്ന ദമ്പതികളുടെ മകളായി ജനിച്ച പരിശുദ്ധ കന്യകാമറിയം ആ കുടുംബത്തിന് വിളക്കായി മാറി.
മാർ യൗസേപ്പിന്റെ ഭാര്യയായി മറിയം പ്രവേശിച്ച നസ്രത്തിലെ ഭവനമാണ് രണ്ടാമത്തേത്. (മത്താ. 2 : 23) ദൈവപുത്രനായ ഇൗശോ പരിശുദ്ധ കന്യകാമറിയത്തിന്റെ സംരക്ഷണ പരിലാളനകളാൽ ജ്ഞാനം നിറഞ്ഞു ശക്തിപ്പെട്ടതും (ലൂക്കാ. 2 : 40) ദൈവത്തിന്റേയും മനുഷ്യരുടേയും പ്രീതിയിൽ മുപ്പതു വർഷം വളർന്നതും ഇൗ ഭവനത്തിലാണ്. (ലൂക്കാ. 2 : 52)
മറിയം സന്ദർശിച്ച മൂന്നാമത്തെ ഭവനം സക്കറിയായുടേതാണ്. ദൈവാത്മാവിനാൽ നിറയപ്പെട്ട പരിശുദ്ധ കന്യകാമറിയത്തിന്റെ അഭിസംബോധനയാൽത്തന്നെ എലിസബത്തും ഉദരസ്ഥ ശിശുവായ യോഹന്നാനും പരിശുദ്ധാത്മാവു നിറഞ്ഞവരായി. (ലൂക്കാ. 1 : 41)
പരിശുദ്ധ കന്യകാമറിയത്തിന്റെ മാധ്യസ്ഥ ശക്തിയാൽ ധന്യമായ കാനായിലെ ഭവനമാണ് നാലാമത്തേത്. ആരംഭത്തിൽത്തന്നെ അപമാനിതമാകേണ്ട ആ കുടുംബം, അമ്മയുടെ സമയോചിതമായ ഇടപെടൽ മൂലം ആനന്ദപൂരിതമായി.
ദൈവപുത്രനായ യേശുക്രിസ്തു കുരിശുമരണസമയത്ത് തന്റെ അമ്മയായ മറിയത്തെ യോഹന്നാന് ഭരമേൽപ്പിച്ചു. യോഹന്നാൻ മറിയത്തെ സ്വഭവനത്തിൽ സ്വീകരിച്ചു. (യോഹ. 19 : 27) അമ്മയോടൊപ്പം വസിച്ച യോഹന്നാന്റെ സ്വഭാവം പൂർണ്ണമായും മാറ്റപ്പെട്ടു. പ്രതികാരദാഹിയായിരുന്ന യോഹന്നാൻ (ലൂക്കാ. 9 : 54) സ്നേഹത്തിന്റെ സുവിശേഷകനായി മാറി.
കർത്താവിന്റെ കുരിശുമരണത്തോടെ ചിതറിപ്പോയ പത്രോസും മറ്റു ശിഷ്യരും പഴയ ജോലിയിലേയ്ക്കു മടങ്ങിയപ്പോൾ (യോഹ. 21 : 3), സെഹിയോൻ മാളികമുകളിൽ തന്നോടൊപ്പം ചേർത്തുവച്ച് (അപ്പ. 1 : 14) ആത്മാവിനാൽ നിറയപ്പെട്ട അമ്മ അവരെയും ആത്മനിറവിലേയ്ക്കു നയിച്ചു.
ആത്മശരീരങ്ങളോടെ മറിയം പ്രവേശിച്ച യഥാർഥ ഭവനമാണ് സ്വർഗ്ഗം. (വെളു. 11 : 19)
ഇനിയും മറിയം പ്രവേശിക്കേണ്ട ഭവനമാണ് നാമോരോരുത്തരും. യോഹന്നാൻ മറിയത്തെ സ്വഭവനത്തിൽ സ്വീകരിച്ച് തന്നിലുള്ള ലൗകിക സ്വഭാവത്തെ ദൈവസ്വഭാവത്തിലേയ്ക്ക് മാറ്റിയതുപോലെ നമ്മുടെ ജീവിതത്തിലും മറിയത്തെ സ്വീകരിച്ച് നാമും മാറ്റത്തിനു വിധേയപ്പെടണം. ഒാരോ തലമുറകളിലുമുള്ള വിശുദ്ധചേതനകളിൽ പ്രവേശിച്ച് അവരെ ദൈവമിത്രങ്ങളും പ്രവാചകരുമാക്കി മാറ്റിയ മറിയം (ജ്ഞാനം. 7 : 27) നമ്മേയും മാറ്റത്തിനു വിധേയപ്പെടുത്തട്ടെ.
Comments