top of page
Writer's pictureCarlo tv

മനുഷ്യാവകാശത്തെ കൊലപ്പെടുത്തിയിട്ട് അഞ്ച് ദശാബ്ദങ്ങൾ..!




ഏഴു വർഷങ്ങൾക്കു മുമ്പ് കോതമംഗലത്ത് ജീസസ് യൂത്ത് പ്രോലൈഫ് എക്സിബിഷൻ നടക്കുകയാണ്.അവിടെയുള്ള ഒരു പോസ്റ്ററിൽ നോക്കിനിന്ന് ഒരു യുവതി കരയുന്നുണ്ട്. തനിക്ക് ലഭിച്ച തെറ്റായ ബോധ്യങ്ങളിലൂടെ ചെയ്തുപോയ ഒരു കടുത്ത അപരാധം. ഇന്ന് ഭൂമിയിൽ ഓടിക്കളിച്ച് നടക്കേണ്ടിയിരുന്ന കുരുന്നുകളെ ജന്മം കൊടുക്കാതെയോ പിച്ചിച്ചീന്തി

ചവറ്റുകുട്ടയിൽ വലിച്ചെറിയേണ്ടിവന്നതോ ആയ അവസ്ഥയാണ് കാരണം. ഈ എക്സിബിഷൻ വർഷങ്ങൾക്കുമുമ്പ് കണ്ടിരുന്നെങ്കിൽ എനിക്ക് ഇങ്ങനെ സംഭവിക്കില്ലായിരുന്നു എന്ന് യുവതി അവിടുത്തെ ശുശ്രൂഷകരോട് വലിയ കുറ്റബോധത്തിൽ പറഞ്ഞ നീറുന്ന വാക്കുകൾ മറക്കാനാവുന്നില്ല.ഇതൊരു ഒറ്റപ്പെട്ട സംഭവമല്ല. മുപ്പതിനായിരത്തോളം ആളുകൾ സന്ദർശിച്ച കോതമംഗലത്തെ പ്രോലൈഫ് എക്സിബിഷനിൽ തന്നെ പലരും സമാനതകൾ നിറഞ്ഞ അഭിപ്രായങ്ങൾ പങ്കുവച്ചു. കേരളത്തിലും പുറത്തുമായി നിരവധി ആളുകൾക്ക് ബോധ്യം പകരാൻ പ്രോലൈഫ് പ്രവർത്തനങ്ങൾക്ക് സാധിച്ചിട്ടുണ്ട്.


ആരോരുമില്ലാത്ത നമ്മുടെ കുഞ്ഞുമക്കൾക്ക് വേണ്ടി പ്രാർത്ഥിക്കാൻ മറക്കരുതേ..


ഇന്ത്യയിൽ മാത്രം ഏതാണ്ട് 50 ലക്ഷത്തിൽ താഴെ ആളുകൾ കഴിഞ്ഞ ഒന്നര വർഷത്തിനുള്ളിൽ കോവിഡ് ബാധിച്ചു മരിച്ചിട്ടുണ്ട്.കോവിഡ് ബാധിച്ചവർക്ക് വേണ്ടിയും മരിച്ചവർക്ക് വേണ്ടിയും കുടുംബങ്ങൾക്ക് വേണ്ടിയും നമ്മൾ പ്രാർത്ഥിക്കുന്നു. അതോടൊപ്പം, പ്രാർത്ഥിക്കാൻ അത്രമേൽ ഊന്നൽ കൊടുക്കാത്ത കുറച്ചധികം കുഞ്ഞു മാലാഖമാരുടെ ആത്മാക്കൾ കൂടിയുണ്ട്. ഒന്നര വർഷത്തിനിടയിൽ 50 ലക്ഷത്തിൽ താഴെ ആളുകൾ ഇന്ത്യയിൽ കോവിഡ് ബാധിച്ച് മരിച്ചപ്പോൾ , ഏതാണ്ട് ഒരു വർഷകാലയളവിനുള്ളിൽ അതിനു മൂന്നിരട്ടിയോളം (1.5 കോടി) ജീവനുകളെ അബോർഷൻ എന്ന കൃത്യമായ ആസൂത്രണം നടത്തിയുള്ള കൊലപാതകത്തിലൂടെ പിച്ചിച്ചീന്തി ചവിറ്റുകുട്ടയിൽ തള്ളുയിട്ടുണ്ട്.


ഇതുപോലെ കോടിക്കണക്കിന് ജീവനുകൾ നിഷ്കരുണം കൊലചെയ്യാൻ കാരണമായ MTP act നിലവിൽ വന്നതിൻ്റെ അമ്പതാം വാർഷികം ആണ് ഇന്ന്. രേഖകൾപ്രകാരം ഒന്നരക്കോടി അബോർഷൻ ഇന്ത്യയിൽ നടക്കുന്നുണ്ടെങ്കിൽ കഴിഞ്ഞ 50 വർഷത്തിനിടയിൽ കൊന്നുതള്ളിയ ജീവനുകളുടെ എണ്ണം എത്രയോ ഭീകരമായിരിക്കും. രേഖകൾക്ക് പുറത്തേക്കുള്ള കണക്കുകൾ ബാക്കി..


അറിഞ്ഞോ അറിയാതെയോ നമ്മളോ നമ്മുടെ സഹോദരരോ ഇല്ലാതാക്കിയ കോടികണക്കിന് കുഞ്ഞുമാലാഖമാരായ മനുഷ്യജീവനുകളുടെ ആത്മാക്കളെ ഓർത്ത് നമുക്ക് പ്രാർത്ഥിക്കാം. അബോർഷനിലൂടെ ജീവനെ നശിപ്പിക്കാൻ ശ്രമിക്കുന്ന ദമ്പതികളെയും അതിനു കുടപിടിക്കുന്ന സംവിധാനങ്ങളെയും പ്രത്യേകം ദൈവത്തിൻറെ കരുണയ്ക്കു മുമ്പിൽ സമർപ്പിക്കാം.



ജീവൻ്റെ മൂല്യത്തെ കുറിച്ചുള്ള ആഴമായ ബോധ്യം..


അബോർഷൻ എന്ന ഒരു മേഖലയിൽ മാത്രം ഒതുങ്ങിനിൽക്കുന്നതല്ല പ്രോ-ലൈഫ് പ്രവർത്തനങ്ങൾ. ജീവൻ നശിപ്പിക്കാൻ മനുഷ്യന് അവകാശമില്ല എന്ന സഭ എപ്പോഴും നിഷ്കർഷിക്കുന്നു. ദയാവധം,വധശിക്ഷ തുടങ്ങിയ സംവിധാനങ്ങളോട് സഭയ്ക്ക് വിയോജിപ്പുണ്ട്. ജീവൻറെ മൂല്യം മുറുകെപ്പിടിക്കാൻ വിവിധ സംവിധാനങ്ങളും

സഭ ആസൂത്രണം ചെയ്യുന്നുണ്ട്. വർഷങ്ങളായി ചെയ്തുകൊണ്ടിരിക്കുന്നതും അടുത്ത കാലത്ത് ഒരു രൂപത പബ്ലിഷ് ചെയ്തതുമായ

കുറച്ച് പദ്ധതികൾ വിവാദമാക്കിയിരുന്നു. മരണത്തിൻ്റെ സംസ്കാരം വിളിച്ചോതുന്ന കരങ്ങൾ വിവാദങ്ങൾക്ക് പിന്നിലുണ്ടെന്ന് ക്രമേണ ബോധ്യപ്പെട്ടു.


Responsible Parenthood വേണം എന്ന ഉദ്ദേശത്തോടുകൂടി ഫ്രാൻസിസ് പാപ്പാ ഒരു സന്ദർഭത്തിൽ മുയലുകളെ പോലെ കുഞ്ഞുങ്ങളെ പ്രസവിക്കരുത് എന്നു പറഞ്ഞത് ദുർവ്യാഖ്യാനം ചെയ്തു പല മാധ്യമങ്ങളും അവതരിപ്പിക്കുകയുണ്ടായി. പാപ്പാ പറഞ്ഞ കാലയളവിൽ തന്നെ, അത് വളച്ചൊടിക്കുന്നത് ശ്രദ്ധയിൽപ്പെട്ട് കൃത്യമായ വിശദീകരണം നൽകിയിരുന്നത് ബോധപൂർവ്വം മറച്ചുവയ്ക്കുകയാണ് പലരും ചെയ്തത്.


ഫ്രാൻസിസ് പാപ്പ 2021ൽ പറഞ്ഞ വാക്കുകൾ ശ്രദ്ധിക്കുക..


"..സാമ്പത്തിക, സാങ്കേതിക, പാരിസ്ഥിതിക സുസ്ഥിരതയെക്കുറിച്ചും മറ്റും നമ്മൾ പലപ്പോഴും സംസാരിക്കാറുണ്ട്. എന്നാൽ തലമുറകളുടെ സുസ്ഥിരതയെക്കുറിച്ചും (Generational Sustainability) നമ്മൾ സംസാരിക്കേണ്ടതുണ്ട്. കുടുംബങ്ങളെയും കുട്ടികളെയും ശ്രദ്ധിച്ചില്ലെങ്കിൽ ഉൽപാദനത്തെ പരിപോഷിപ്പിക്കാനും പരിസ്ഥിതി സംരക്ഷിക്കാനും നമുക്ക് കഴിയില്ല. സുസ്ഥിരമായ വളർച്ച ഇവിടെ നിന്നാണ്. ചരിത്രം ഇത് നമ്മെ പഠിപ്പിക്കുന്നു.."

പാപ്പ ജനനനിരക്കിലെ കുറവിനെ കുറിച്ചും, കുടുംബങ്ങളുടെ സംരക്ഷണത്തെക്കുറിച്ചും ആശങ്ക രേഖപ്പെടുത്തുന്നുണ്ട്.

പാശ്ചാത്യനാടുകളിൽ സംഭവിച്ച അപചയങ്ങൾ മുൻനിർത്തി ആയിരിക്കാം മാർപാപ്പ ഇങ്ങനെ അഭിപ്രായപ്പെട്ടത്.


നമ്മുടെ നാട്ടിൽ ചെറിയ ഭവനങ്ങളിൽ എട്ടും പത്തും മക്കളുമായി ഉള്ളതുകൊണ്ട് കഴിച്ചും ഉടുത്തും ജീവിച്ചിരുന്ന ഒരു കാലഘട്ടമുണ്ടായിരുന്നു . ദൈവാനുഗ്രഹം പെയ്തിറങ്ങുന്നത് നേരിട്ട് അനുഭവിക്കാനും മൂല്യങ്ങളിൽ അടിയുറച്ച കുട്ടികളെ വാർത്തെടുക്കാനും ആ ഭവനങ്ങൾക്ക് സാധിച്ചു.

1971ൽ വന്ന MTP act ജീവന് വിരുദ്ധമായ നിലപാട് സ്വീകരിച്ചു. അതിനോടനുബന്ധിച്ചുള്ള കാലഘട്ടങ്ങളിൽ വന്ന ബോധവൽക്കരണ പ്രവർത്തനങ്ങൾ സമൂഹത്തിൻ്റെ ക്രമത്തെ തകിടംമറിച്ചു. എട്ടും പത്തും മക്കളുണ്ടായിരുന്നു ഒരു സമൂഹം പൊടുന്നനെ ഒന്നും രണ്ടും മക്കൾ മാത്രമാകുന്ന ഒരു സമ്പ്രദായത്തിലേക്ക് മാറി. തെറ്റായ പഠിപ്പിക്കലുകളും സമൂഹത്തിൽ ഉണ്ടായ വികലമായ പൊതുബോധവും അതിനു ഹേതുവായി. ക്ഷമയും സഹനവും വിനയവും ബഹുമാനവും അഭ്യസിച്ചു വരേണ്ടിയിരുന്ന കുട്ടികൾ സ്വാർത്ഥതയുടെയും താൻപോരിമയുടെയും പര്യായങ്ങളായി മാറി.

തങ്ങളുടെ ചെറുപ്പത്തിൽ അനുഭവിച്ച വേദനകൾ കുട്ടികൾ അനുഭവിക്കരുത് എന്ന മാതാപിതാക്കളുടെ സദുദ്ദേശത്തിൽ തകർന്നുപോയത് കുടുംബബന്ധങ്ങളും ഫലത്തിൽ സമൂഹങ്ങളും ആയിരുന്നു. അതിൻറെ ആകെത്തുകയാണ് 2021ൽ നേരിടുന്ന ജനസംഖ്യ ശൂന്യതയും ( Demographic nullity) മനോധൈര്യം ഇല്ലാത്ത കൗമാരപ്രായക്കാരും യുവജനങ്ങളും.


ഇരുപത്തിയൊന്നാം നൂറ്റാണ്ടിലെ ദമ്പതികളെ വഴിതെറ്റിക്കുന്ന അജണ്ടകൾ



ചില ആശുപത്രികളിൽ രണ്ടാമത്തെ കുഞ്ഞായ ഉടനെ ഗൈനക്കോളജിസ്റ്റ് വന്ന് പ്രസവം നിർത്തുകയല്ലേ എന്ന് ചോദിക്കുന്നത് ( കൃത്രിമ ജനന നിയന്ത്രണ മാർഗ്ഗങ്ങൾ ഉപയോഗിച്ച്) സാധാരണ സംഭവമായി മാറി എന്ന് മാത്രമല്ല , മൂന്നാമത്തെ കുട്ടി ജനിച്ചതിനു ശേഷം പ്രസവം നിർത്തിയില്ലെങ്കിൽ കടുത്ത അപരാധമാണ് എന്നുള്ള രീതിയിൽ ബോധവൽക്കരിക്കുന്ന അപകടം കൂടി നമ്മുടെ സമൂഹത്തിൽ വന്നിരിക്കുന്നു. വളരെ ചെറുതായി ആണെങ്കിലും ചിലയിടങ്ങളിൽ കൂടുതൽ മക്കളുള്ളത് അപകടമാണ് എന്നുള്ള തെറ്റായ സന്ദേശം പ്രചരിപ്പിക്കാനും ശ്രമം നടക്കുന്നുണ്ട്.


United Nationsൽ ഉൾപ്പെടെ സേവനം ചെയ്ത

ശ്രീ എം പി ജോസഫ് IAS ഫേസ്ബുക്കിൽ കുറിച്ച പോസ്റ്റിലെ പ്രസക്തഭാഗം..


"സ്വന്തം ചോരയില്‍ ഉണ്ടായ കുഞ്ഞിനെ നഷ്ട്ടപ്പെടുത്തുക എന്ന ദുര്യോഗം എനിക്കുണ്ടായിട്ടുണ്ട്. ഞങ്ങളുടെ മൂന്നാമത്തെ കുഞ്ഞിനെ ഞങ്ങള്‍ക്ക് ആവശ്യമില്ല എന്ന് ഞങ്ങള്‍ തീരുമാനിച്ചു. ഞങ്ങള്‍ മെഡിക്കല്‍ ടെര്‍മിനേഷന്‍ ഓഫ് പ്രെഗ്നൻസി, MTP ചെയ്യാന്‍ തീരുമാനിച്ചു..


..മുപ്പതു വര്‍ഷങ്ങള്‍ക്കുമുന്‍പ് നടന്നതെങ്കിലും ഇന്നും എൻ്റെ ഭാര്യയുടെ ഗര്‍ഭപാത്രത്തില്‍ നിന്നും ചിരണ്ടിയെടുത്ത് ചോരയില്‍ കുതിര്‍ന്ന എന്റെ കുഞ്ഞിന്റെ രൂപം എന്റെ കണ്ണുകള്‍ക്ക്‌ മുന്നില്‍ കാണാം. കൊത്തി ചീന്തിയെടുത്തു ഒരു പാത്രത്തിൽ വെച്ച ഒരു മാംസക്കഷ്ണം. ആ കാഴ്ച എനിക്കൊരിക്കലും മറക്കാനാവില്ല. ഇന്നും ആ പേടി സ്വപ്നം എന്നെ വേട്ടയാടുന്നു.. "


അടുത്ത കാലത്ത് അബോർഷനെ ന്യായീകരിച്ചു ഇറങ്ങിയ ഒരു സിനിമ കണ്ടതിനുശേഷം അദ്ദേഹം കുറിച്ച വരികളാണിവ.. തൻ്റെ കുഞ്ഞിനെ അബോർഷൻ ചെയ്തതിൻ്റെ പാപപരിഹാരം എന്നവണ്ണം പിന്നീട് UNൽ സേവനം ചെയ്തപ്പോൾ ദരിദ്രരാജ്യങ്ങളിൽ കുട്ടികളെ പ്രത്യേകമായി കരുതാനും ബാലവേലയിൽ നിന്ന് മോചിപ്പിക്കാനും അക്ഷീണം പരിശ്രമിച്ചിരുന്നു എന്ന് ലേഖകൻ പറഞ്ഞുവയ്ക്കുന്നു.


ദൃശ്യ-ശ്രാവ്യ മാധ്യമങ്ങൾ ഭൂരിഭാഗവും മരണ സംസ്കാരത്തിൻറെ വക്താക്കൾ ആയി മാറുന്നത് ഇന്ന് നിത്യസംഭവമാണ്. സമൂഹത്തിലെ പൊതുബോധം അബോഷന് അനുകൂലമാണ് എന്ന തെറ്റിദ്ധാരണ പടർത്തുകയാണ് ഇതിൻറെ ലക്ഷ്യം. കൃത്യമായ അജണ്ടയുടെ ഭാഗമായി ഇതിന് പിന്നിൽ പ്രവർത്തിക്കുന്ന സംഘങ്ങൾ ഉണ്ടെന്ന് നമുക്ക് മനസ്സിലാക്കാവുന്നതാണ്.


അമേരിക്കയിൽപോലും അബോർഷൻ അനുകൂല നിലപാട് എടുക്കുന്നവർക്ക് ദിവ്യകാരുണ്യ സ്വീകരണം അനുവദനീയമല്ല എന്നുള്ള നിലപാടിലേക്ക് അവിടുത്തെ ബിഷപ്സ് കൗൺസിൽ ആലോചന വയ്ക്കുന്നുണ്ട്.


ഭാര്യക്ക് സമ്മതം ഇല്ലാഞ്ഞിട്ട് പോലും ഭർത്താവിൻറെ നിർബന്ധപ്രകാരം അബോർഷൻ ചെയ്യേണ്ടിവന്ന ഒരാളുടെ അവസ്ഥ വേദനയോടെയാണ് കേട്ടത്. ദമ്പതികളിൽ ഒരാൾക്ക് ജീവൻ്റെ മൂല്യത്തെക്കുറിച്ച് കൃത്യമായ അവബോധം ഉണ്ടായിരിക്കെ പങ്കാളിക്ക് അതില്ലാതെ പോകുന്നത് പലപ്പോഴും ക്രൂരമായ പ്രവർത്തി ചെയ്യാൻ നിർബന്ധിതരാവുന്നു.


ജീവൻ്റെ മൂല്യത്തെക്കുറിച്ച് ഉറക്കെ പ്രഖ്യാപിക്കുക എന്നുള്ളത് മാത്രമാണ് പോംവഴി. കഴിഞ്ഞ മാസം മിഷൻ ലീഗ് കോതമംഗലം രൂപത നടത്തിയ ഇപ്പോഴത്തെ ജനറേഷനിലെ വലിയ കുടുംബങ്ങളുടെ സംഗമം പ്രത്യേകം എടുത്തു പറയേണ്ടിയിരിക്കുന്നു. സാമ്പത്തിക പ്രശ്നങ്ങൾക്ക് നടുവിൽ ജീവിക്കുന്നവരാണ് എങ്കിലും തങ്ങളുടെ കുഞ്ഞുങ്ങൾക്ക് യാതൊരു കുറവും ദൈവം വരുത്തിയിട്ടില്ല എന്ന് അഞ്ചും എട്ടും മക്കളുള്ള മാതാപിതാക്കൾ ഒരേസ്വരത്തിൽ നെഞ്ചത്ത് കൈവച്ച് പ്രഖ്യാപിക്കുന്നത് കാണുമ്പോൾ മനസ്സ് നിറയുന്നു. ലോകം മുമ്പോട്ട് വെക്കുന്ന പ്രതിബന്ധങ്ങൾ ജീവന് നോ പറയാൻ പോന്നതല്ല എന്ന് തെളിയിച്ചുകൊണ്ട് ജീവിക്കുന്ന നിരവധി ദമ്പതികൾ നമ്മുടെ ഇടയിൽ ഉണ്ട്. വാഴക്കാല ഇടവകയിലെ സോണി-ജ്യോതി ദമ്പതികളുടെ ഏഴ് പെൺമക്കളും ജനിച്ചത് സിസേറിയനിലൂടെ ആയിരുന്നു. വിശുദ്ധ ജിയന്നയേ പോലെ തൻ്റെ ഉദരത്തിലുള്ള കുഞ്ഞിന് വേണ്ടി സ്വന്തം ജീവൻ പോയാലും അത് മഹത്വമായി കണ്ടു ഗർഭാവസ്ഥ തുടർന്നു കൊണ്ടുപോയ അമ്മമാർ നമ്മുടെ കേരളത്തിലും നിരവധി ഉണ്ട്. എത്രയോ ഉദാഹരണങ്ങൾ.


2018ൽ അമ്മയാവാൻ തീരുമാനിച്ചതിൻ്റെ പേരിൽ മാത്രം അലിസൺ ഫെലിക്സ് എന്ന ലോകപ്രശസ്ത കായികതാരവുമായുള്ള കരാറിലെ പ്രതിഫലത്തിൽ ബഹുരാഷ്ട്ര കമ്പനിയായ നൈക്കി ഗണ്യമായ കുറവ് വരുത്തി. അതിൽ തോൽക്കാൻ തയ്യാറാവാത്ത ഫെലിക്സ് തൻ്റെ പരിശ്രമം തുടർന്നു.പിന്നീട് ഗ്യാപ് കമ്പനി സ്പോൺസർ ചെയ്യുകയും അതിനെത്തുടർന്ന് തെറ്റു മനസ്സിലാക്കിയ നൈക്കി അവരുടെ പോളിസി മാറ്റാൻ നിർബന്ധിതരാവുകയും ചെയ്തു. കഴിഞ്ഞ ദിവസങ്ങളിൽ നടന്ന ടോക്കിയോ ഒളിമ്പിക്സിൽ 400 മീറ്ററിൽ വെങ്കലവും റിലേയിൽ സ്വർണ്ണവും ഫെലിക്സ് നേടി. കോർപ്പറേറ്റ് അജണ്ടകൾക്ക് മുന്നിൽ വീറോടെ ഫെലിക്സ് പൊരുതി നേടിയ ജീവൻറെ മഹത്വത്തിൻ്റെ ഫലമായ തൻ്റെ കുഞ്ഞിനെ ഗ്യാലറിയിൽ ഇരുത്തി അവൾ മെഡൽ വാരിക്കൂട്ടുമ്പോൾ ആ രണ്ടു വയസുകാരിയുടെ മുഖത്തേക്ക് ക്യാമറകണ്ണുകൾ പാഞ്ഞു. ലോകോത്തര കമ്പനിയുടെ മറ്റേണിറ്റി പോളിസി പോലും തിരുത്തിച്ച 2021ലെ താരമായ അലിസൺ ഫെലിക്സ് നമ്മുടെ ദമ്പതികൾക്ക് ജീവിതത്തിൽ പ്രചോദനവും വെല്ലുവിളിയും മാതൃകയും ആയി മാറട്ടെ..


അബി കാഞ്ഞിരപ്പാറ ✍️

383 views0 comments

Comments


bottom of page