top of page
Writer's pictureCarlo tv

ഡിജിറ്റൽ നോമ്പ് ചിന്തകൾ


എല്ലാ ബുധനാഴ്ചയും വൈകിട്ട് തൊടുപുഴയിൽ കൂടുന്ന ജീസസ് യൂത്തിന്റെ സെൻട്രൽ പ്രയർ മീറ്റിംഗ് നടക്കുകയാണ്. വലിയ നോമ്പു തുടങ്ങിയ ശേഷമുള്ള ആദ്യത്തെ മീറ്റിംഗ് ആയിരുന്നതിനാൽ നോമ്പ് എടുക്കുന്നതിനെക്കുറിച്ച് വിശേഷം പറഞ്ഞു. അപ്പോഴാണ് ക്യാമ്പസിൽ പഠിക്കുന്ന ഒരു സുഹൃത്ത് ഡിജിറ്റൽ നോമ്പിനെ കുറിച്ച് പറഞ്ഞ് മൊബൈലിൽ 'Screen Time' Home screen short cut ഇട്ടത് കാണിച്ചു തന്നത്. നിയന്ത്രണമില്ലാതെ മൊബൈൽ ഫോൺ ഉപയോഗിക്കുന്നതായി തോന്നിയതാലാണ് ഇങ്ങനെ ചെയ്തതത്രെ. അതിന് പ്രധാനപ്പെട്ട കാരണം നമ്മുടെ പിതാവ് ഡിജിറ്റൽ നോമ്പിന് ആഹ്വാനം ചെയ്തതാണ്. പിന്നെ എല്ലാവർക്കും അവരവരുടെ Screen time നോക്കാൻ കൗതുകമായി. ഓരോരോ ആപ്ലിക്കേഷനും എത്ര സമയം ചെലവഴിച്ചു എന്ന് ഉൾപ്പെടെ ഡീറ്റെയിൽ ആയിട്ട് വിവരങ്ങൾ നൽകുന്നുണ്ട്. ചിലർ കൂടുതലായി WhatsApp മറ്റു ചിലർ YouTube തുടങ്ങി , ആറുമണിക്കൂർ വരെ എത്തിനിൽക്കുന്ന Screen time ഉള്ളവർ ഉണ്ടായിരുന്നു. കേട്ടത് ധ്യാനപ്രസംഗങ്ങൾ ആണെന്ന് പറഞ്ഞ് തടി തപ്പിയവരും ഉണ്ട്.ഏതായാലും പ്രയർ മീറ്റിങ്ങിൽ വന്നവരെല്ലാം ഡിജിറ്റൽ നോമ്പു കൂടി എടുക്കാം എന്ന് തീരുമാനിച്ചു.അങ്ങനെ Screen Time Home screen shortcut കൂടി ഇട്ടിട്ട് ആണ് പിരിഞ്ഞത്.

വൈകിട്ട് പതിവില്ലാതെ ഫോണിൽ നെറ്റ് ഓഫ് ചെയ്തു വെച്ചു.നോമ്പ് തുടങ്ങിയ ശേഷം കുടുംബശ്രീ ചേച്ചിമാരുടെ കടയിൽ നിന്ന് 20 രൂപ ഊണിന്റെ ഒപ്പം കഴിക്കുന്ന മത്തി വറുത്തതും വിൻസെൻ്റ് ചേട്ടൻ്റെ കടയിൽ നിന്ന് പുട്ടിന്റെ ഒപ്പം കഴിക്കുന്ന മുട്ടക്കറിയും ഒഴിവാക്കാൻ വലിയ ബുദ്ധിമുട്ട് ഉണ്ടായിരുന്നില്ല. പക്ഷേ, ഫോണിൽ നെറ്റ് ഓഫാക്കി വെച്ച് കഴിഞ്ഞപ്പോൾ ഉള്ളിൽ ഒരു അസ്വസ്ഥത. എവിടെയോ എന്തൊക്കെയോ സംഭവിക്കുന്നുണ്ട്..അത് ഞാൻ അറിയുന്നില്ല എന്ന തോന്നലാണ്. 500 ൽ അധികം തവണ ഒരു ദിവസം അൺലോക്ക് ചെയ്യുന്ന WhatsApp കൂടാതെ Facebook ,Instagram ,Telegram , Botim ,YouTube, Twitter തുടങ്ങി Virtual ലോകത്ത് പാറി നടന്നിരുന്ന എനിക്കെന്തോ സംഭവിച്ചിരിക്കുന്നു. എന്തോ ദൈവാനുഗ്രഹത്താൽ അസാധാരണമായ ആത്മനിയന്ത്രണം കൈവരിച്ച് കിടക്കയുടെ സൈഡിൽ ഇരുന്ന് ബെന്നി പുന്നത്തറ സാറിൻ്റെ കൃപയുടെ നീർച്ചാലുകൾ ഒരു അധ്യായം വായിച്ചിരുന്നു അങ്ങ് ഉറങ്ങിപോയി. അങ്ങനെ അന്ന് രാത്രി വിജയിച്ചു. പതിവിന് വിപരീതമായി ഒരുപാട് സമയവും മനസമാധാനവും ആത്മസംയമനവും അന്ന് കിട്ടി എന്ന് മാത്രമല്ല അതിലുപരി പിറ്റേന്ന് രാവിലെ തികഞ്ഞ ഹൃദയശാന്തതയും അനുഭവപ്പെട്ടു. നമ്മുടെ presence ഇല്ലാതിരുന്നതിനാൽ ആ Virtual ലോകത്ത് ഒരു കാര്യവും സംഭവിച്ചിരുന്നുമില്ല.

ഏതാനും വർഷങ്ങൾക്കു മുമ്പാണ് 'Social Dilemma' എന്ന ഡോക്യുമെൻ്ററി Netflix-ൽ റിലീസായത്. സോഷ്യൽ മീഡിയ അഡിക്ഷൻ മൂലം സമൂഹത്തിൽ ഉണ്ടാകുന്ന ഗൗരവകരമായ പ്രതിസന്ധികൾ ആയിരുന്നു ഇതിൻ്റെ പ്രമേയം. വിവിധ സോഷ്യൽ മീഡിയ പ്ലാറ്റ്ഫോമുകൾ അവരുടെ ഹിഡൻ അജണ്ടകൾക്ക് വേണ്ടി എങ്ങനെ Algorithms ഡിസൈൻ ചെയ്യുമെന്നും അതിലൂടെ ആളുകളെ ഉപയോഗിക്കുന്നു എന്നുപോലും കൃത്യമായി ഇതിൽ പ്രതിപാദിച്ചിരുന്നു. ഒരുപാട് നല്ല വശങ്ങൾ സോഷ്യൽ മീഡിയയ്ക്ക് ഉണ്ടെങ്കിലും രാഷ്ട്രീയപരമായി വെറുപ്പുളവാക്കുക, സോഷ്യൽ മീഡിയ അഡിക്ഷൻ വർദ്ധിപ്പിക്കുക, അധാർമിക മൂല്യങ്ങൾ സമൂഹത്തിൽ വളർത്തിയെടുക്കുക എന്ന് തുടങ്ങി നിരവധി ഹീനമായ കാര്യങ്ങൾ സോഷ്യൽ മീഡിയയിലൂടെ സംഭവിക്കുന്നുണ്ട്.

എനിക്കുണ്ടായ മൂന്ന് അനുഭവങ്ങൾ വിവരിക്കാം..


Incident 1 February 2023..

അടുത്ത സുഹൃത്തിൻ്റെ അയൽവക്കമാണ് അവരുടെ വീട്.എനിക്ക് കണ്ടു പരിചയമുള്ള ഒരു ഫാമിലിയാണ്.എന്നാൽ അത്ര ആഴത്തിലുള്ള ബന്ധവുമില്ല.അവിടെ ഒരു കുട്ടിയെ കുറിച്ച് പറയുമായിരുന്നു.ഇപ്പൊൾ കുറച്ചുനാളുകളായി അവനെക്കുറിച്ച് അന്വേഷിച്ചിട്ട്.. ഫാമിലിയെ കുറിച്ച് അറിയാവുന്നതുകൊണ്ട് അവിടെ എത്തിയപ്പോൾ സുഹൃത്തിനോട് അടുത്ത വീട്ടിലെ കുട്ടിയെ കുറിച്ച് ചോദിച്ചു.

കുട്ടി ആകെ പ്രശ്നത്തിലാണ്. അവനെ സ്കൂൾ മാറ്റേണ്ടതായി വന്നു . ഫോൺ കിട്ടാതായാൽ ഉടനെ വയലൻ്റ് ആകുമായിരുന്നു. ഇപ്പോൾ കുറച്ചു കുറവുണ്ട്. അവനുവേണ്ടി പ്രാർത്ഥിക്കണം എന്ന് പറഞ്ഞു നിർത്തി.


Incident 2 Around August 2022

പുറത്തുള്ള ഒരു സുഹൃത്ത് വാട്സ്ആപ്പിൽ വിളിച്ചു. ഞങ്ങളുടെ ഒരു mutual friend ൻ്റെ സഹോദരൻ ഫോണിന് അഡിക്റ്റാണ് .അതാണ് കാര്യം.ആൾക്ക് ഭക്ഷണം വേണ്ട , ഉറക്കം തീരെയില്ല.. ഒരു മുറി അടച്ചിട്ടിരുന്ന് ഏത് നേരവും ഫോണിൽ പണിയാണ്. അതിൽനിന്ന് അവനെ രക്ഷപ്പെടുത്തണം. ഒരു കൗൺസിലിംഗ് ഏർപ്പാടാക്കി തരുമോ എന്ന് ചോദിച്ചാണ് വിളിച്ചത്.


Incident 3 Around March 2021

ഒരു സുഹൃത്തിൻ്റെയും അവരുടെ വീട്ടുകാരുടെയും ഫോണിലേക്ക് നിരന്തരം ഭീഷണി സന്ദേശങ്ങൾ പോലെ വരുന്നു.ചിലപ്പോൾ അശ്ലീലം പോലെയും. ചിലപ്പോൾ തമാശയായും ചിലപ്പോൾ കാര്യമായും. ഏതാനും ദിവസത്തെ അന്വേഷണത്തിലൂടെ ആ വീട്ടിൽ തന്നെയുള്ള ഒരു കുട്ടിയാണ് ഇതിൻ്റെ പുറകിൽ എന്ന് കണ്ടെത്തി. കൂട്ടിന് അവൻ്റെ സ്കൂളിലെ സുഹൃത്തുക്കളും ഉണ്ട്. മോശമായ വീഡിയോ കാണുന്നത് ഉൾപ്പെടെയുള്ള കലാപരിപാടികൾ ഉണ്ടെന്ന് അവരുടെ ഫോണിൽ നിന്നും മനസ്സിലാക്കാൻ സാധിച്ചു..

സാധാരണ ജീവിതം നയിക്കുന്ന സുഹൃത്തുക്കളുടെ ഇടയിൽ നിന്നും നേരിട്ട് കണ്ട് അനുഭവിച്ച കാര്യങ്ങളാണ് ഇത് മൂന്നും. ഈ മേഖലയുമായി ഒരു ബന്ധമില്ലാത്ത നമ്മൾ ഇത്രയും കാര്യങ്ങൾ കണ്ടിട്ടുണ്ടെങ്കിൽ ഈ രംഗത്ത് പ്രൊഫഷണലായി പ്രവർത്തിക്കുന്നവർ ഇതിൽ എത്രയോ അധികമായി സമാനമായ സംഭവങ്ങൾ അഭിമുഖീകരിക്കേണ്ടി വന്നിട്ടുണ്ടാകും. അവരുടെ കഥകൾ എത്രയോ അധികമാണ്.

നമ്മുടെ ചുറ്റുമുള്ള മനുഷ്യരിലൂടെ ഒന്ന് കണ്ണോടിച്ചാൽ പോലും ഡിജിറ്റൽ സംവിധാനങ്ങളുടെ അഡിക്ഷൻ എങ്ങനെയാണ് ബാധിക്കുന്നതെന്ന് കാണാം. കുഞ്ഞുങ്ങളെ ഭക്ഷണം കഴിപ്പിക്കാനും കരച്ചിൽ നിർത്താനും വേണ്ടി കാർട്ടൂൺ കാണിപ്പിച്ച് തുടങ്ങുന്ന ഡിജിറ്റൽ സംസ്കാരം പിന്നീട് വീഡിയോ ഗെയിംസ് , യുട്യൂബ് വീഡിയോസ്, ബ്ലൂ ഫിലിംസ് , ഓൺലൈൻ റമ്മി കളികൾ , മെഗാ സീരിയലുകൾ , റീലുകൾ , ചാനൽ ചർച്ചകൾ , ക്രൈം programs എന്നിങ്ങനെ പ്രായമായവരിൽ വരെ എത്തി നിൽക്കുന്നു. സൈക്കോളജിസ്റ്റ്സിൻ്റെ അഭിപ്രായത്തിൽ ഇതിലെല്ലാം addiction elements കാണുന്നിടത്ത് ഇത് കാണുന്ന പ്രേക്ഷകരെ പിന്നീട് കാണാൻ പ്രേരിപ്പിക്കുന്ന തരത്തിൽ Algorithms design ചെയ്യുക, suspense climax വരുന്ന രീതിയിൽ script എഴുതുക , Extra/Pre marital relationship പോലെ sexual elements ഉൾപ്പെടുത്തുക , പാർട്ടി വക്താക്കൾ ഭിന്നിപ്പിന്റെ വാക്കുകൾ ഉപയോഗിച്ച് കാണുന്നവരെ വെറുപ്പിന്റെ extremity യില് എത്തിക്കുക, അതി ക്രൂരമായ കൊലപാതക- ബലാത്സംഗം വാർത്തകൾ പ്രേക്ഷകനെ കൗതുകമാകുന്ന അത്രയും അറപ്പിൽ അവതരിപ്പിക്കുക എന്നിങ്ങനെയുള്ള techniques ആണ് ഉപയോഗിക്കുന്നത്.

ഇത് വ്യക്തിപരമായി കാണുന്നതിലും അപകടമാണ് കുടുംബമായി ഒരുമിച്ചിരുന്ന് കാണുന്നത്. രാത്രിയിൽ കാണിക്കുന്ന ക്രൈം സ്റ്റോറികൾ പോലുള്ള പരിപാടികൾ കണ്ടിട്ട് ഉറങ്ങുന്നവരിൽ അതിൻ്റെ ചിന്തകൾ നിലനിൽക്കുകയും , gradually മനസാക്ഷി ശിഥിലമായി പോവുകയും , ഇതുപോലുള്ള ക്രൂരകൃത്യങ്ങൾ ചെയ്യാൻ പോലും മടിയില്ലാത്തവരായി മാറാനുള്ള സാധ്യതയും തള്ളിക്കളയാനാവില്ല എന്ന് കേട്ടിട്ടുണ്ട്. അതുകൊണ്ട്, രാത്രിയിൽ ക്രൈം സ്റ്റോറീസ് കാണിക്കുന്നത് ഒഴിവാക്കണമെന്ന് ആവശ്യപ്പെട്ട് ഹർജി നൽകിയതായി ഒരിക്കൽ ആരോ പറഞ്ഞത് ഓർക്കുന്നു. ഫെമിനിസം അരങ്ങുവാഴുന്ന നാട്ടിൽ , സ്ത്രീ സ്വാതന്ത്ര്യത്തെ കുറിച്ച് കൊട്ടിഘോഷിക്കുന്ന സമയത്ത് പോലും സ്ത്രീകളെ അപമാനിക്കുന്ന രീതിയിലുള്ള പ്രവർത്തികൾ അനുദിനം കൂടി വരുന്നത് ബ്ലൂ ഫിലിംസ് പോലുള്ളവ അനിയന്ത്രിതമായി കാണുന്നതിന്റെ പ്രതിഫലനമാണെന്ന് പഠനങ്ങൾ തെളിയിക്കുന്നു. കൂടാതെ, ആവിഷ്കാര സ്വാതന്ത്ര്യം എന്ന് പറഞ്ഞ് കാണിക്കുന്ന ആഭാസങ്ങൾ സമൂഹത്തിൽ ഉണ്ടാക്കുന്ന പരിക്കുകൾക്ക് ഉത്തരം പറയാൻ ആരുമില്ല എന്നതാണ് അപകടകരമായ മറ്റൊരു യാഥാർത്ഥ്യം.

ഈ സാഹചര്യത്തിലാണ് ഡിജിറ്റൽ മാധ്യമങ്ങളിലുള്ള നിയന്ത്രണത്തിന്റെ പ്രസക്തി വർദ്ധിക്കുന്നത്. പണ്ടൊക്കെ അന്യസംസ്ഥാനങ്ങളിൽ പോയി ഇൻ്റർനെറ്റ് അഡിക്ഷന് ചികിത്സ നേടിയിരുന്ന സാഹചര്യം ഉണ്ടായിരുന്നു. ഇന്ന് ഡിജിറ്റൽ അഡിക്ഷൻ വർദ്ധിച്ച സാഹചര്യത്തിൽ കേരളത്തിലും പല സ്ഥലങ്ങളിൽ ഡിഅഡിക്ഷൻ സെൻററുകൾ തുറന്നിട്ടുണ്ട്. ഡിജിറ്റൽ അഡിക്ഷനിലേക്ക് പോയില്ലെങ്കിൽ പോലും ആരോഗ്യകരമായ ആധ്യാത്മിക ജീവിതവും വ്യക്തി ജീവിതവും കുടുംബജീവിതവും കെട്ടിപ്പടുക്കാൻ നിയന്ത്രണ വിധേയമായ നവമാധ്യമ ഉപയോഗം അനിവാര്യമാണ്.

ആരോഗ്യകരമായ രീതിയിൽ ഡിജിറ്റൽ മാധ്യമങ്ങൾ ഉപയോഗിക്കുന്നവരും കുറവല്ല. ഒരു കുടുംബത്തിലുള്ള എല്ലാവരുടെയും മൊബൈൽ ഫോണിൻ്റെ പാസ്സ്‌വേർഡ് ആ കുടുംബത്തിലെ എല്ലാവർക്കും അറിയാമെങ്കിൽ തീരാവുന്ന പ്രശ്നമേ ഇവിടെയുള്ളൂ. ഡിജിറ്റൽ ഡിവൈസസിൽ കാണുന്ന കാര്യങ്ങളെക്കുറിച്ച് ഉള്ള കൃത്യമായ അവബോധവും ഉണ്ടാകണം. സാങ്കേതികവിദ്യകൾ സങ്കീർണ്ണം ആകുന്തോറും വിദഗ്ധരുടെ അഭിപ്രായവും ആരായുന്നത് നല്ലതാണ്. ആരോഗ്യത്തിനും പഠനത്തിലും ശ്രദ്ധ കൊടുക്കുന്നത് പോലെ ഇതുപോലുള്ള കാര്യങ്ങളിലും ശ്രദ്ധ കൊടുക്കുന്നത് ഈ കാലഘട്ടത്തിൻറെ ആവശ്യമാണെന്നുള്ള തിരിച്ചറിവ് മാതാപിതാക്കൾക്ക് എങ്കിലും ഉണ്ടായിരിക്കണം.

കോതമംഗലം രൂപതയുടെ അദ്ധ്യക്ഷൻ മാർ ജോർജ് മഠത്തികണ്ടത്തിൽ പിതാവ് ആഹ്വാനം ചെയ്ത ഡിജിറ്റൽ നോമ്പിന് വിശ്വാസികളുടെ ഇടയിൽ വലിയ സ്വീകാര്യതയാണ് ഉണ്ടായത്. വലിയ നോമ്പിൽ മാനസിക ഉല്ലാസങ്ങൾക്ക് നിയന്ത്രണമേർപ്പെടുത്തുന്നതിൽ ഡിജിറ്റൽ സംവിധാനങ്ങളും ഉൾപ്പെടുത്താനുള്ള തീരുമാനങ്ങൾ പലരും എടുത്തു കഴിഞ്ഞു. കടവൂർ സൺഡേ സ്കൂൾ ഉൾപ്പെടെയുള്ള സ്ഥലങ്ങളിൽ നിന്ന് അതിൻ്റെ ടെക്നിക്കൽ വശങ്ങൾ കൂടി ഉൾപ്പെടുത്തിയുള്ള വീഡിയോ പ്രചാരണങ്ങൾ കണ്ടു. ദൈവത്തോട് കൂടെ വസിക്കാൻ , ദൈവത്തേക്കാൾ പ്രാധാന്യം നൽകുന്ന കാര്യങ്ങൾ മാറ്റി നിർത്താനുള്ള തീരുമാനങ്ങൾക്ക് മേൽ ദൈവീക കൃപകൾ വർഷിക്കും.അത് ആത്മീയ ചൈതന്യത്തിലൂടെ ഭൗതിക അഭിവൃദ്ധിക്കും കാരണമാകും. എന്നിരുന്നാലും, ഈ നിർദ്ദേശത്തെ വിമർശിച്ചുകൊണ്ട് രംഗത്തെത്തിയവരെ കണ്ടു. ഡിജിറ്റൽ നോമ്പ് അല്ലെങ്കിൽ Digital Detox എന്നു പറയുന്നത് ആത്മീയ ചൈതന്യം പോലെ തന്നെ മനസ്സാസ്ത്രപരമായി ഒരു ചികിത്സാരീതി കൂടിയാണെന്നാണ് മനസ്സിലാക്കുന്നത്. വിമർശിക്കുന്നവർ താഴെ കാണുന്ന ലേഖനങ്ങൾ കൂടി വായിക്കുന്നതും 'Social Dilemma' എന്ന ഡോക്യുമെൻററി കാണുന്നതും നല്ലതാണ്. നേരത്തെ വിവരിച്ച മൂന്ന് അനുഭവങ്ങളിലെ പോലുള്ള അനുഭവം ജീവിതത്തിൽ ഉണ്ടാവുന്നതിനേക്കാൾ നല്ലത് ഇതിനെക്കുറിച്ച് ജാഗ്രത പുലർത്തുന്നതല്ലേ..

നന്ദി, അബി കാഞ്ഞിരപ്പാറ


ഡിജിറ്റല്‍ ഡീടോക്സ് സംവിധാനത്തിന് ആരോഗ്യമന്ത്രി തുടക്കം കുറിച്ചു https://prdlive.kerala.gov.in/news/261988

കുട്ടികളിലെ ഡിജിറ്റല്‍ അഡിക്ഷന് പരിഹാരം കാണാന്‍ കേരള പൊലീസിന്‍റെ നേതൃത്വത്തില്‍ 'ഡി ഡാഡ്' - https://www.asianetnews.com/.../kerala-police-organize...

കുട്ടി മൊബൈൽ കുരുക്കിലാണോ? സഹായത്തിന് ഇതാ ഇന്റർനെറ്റ് ഡീ അഡിക്‌ഷൻ ക്ലിനിക്ക് സഹായിക്കും - https://m.vanitha.in/.../First-Internet-de-addiction...

ഒന്നര മണിക്കൂർ മൊബൈലോ, ഇന്റർനെറ്റോ, ടിവി -യോ ഒന്നുമില്ല; ഡിജിറ്റൽ ഡീടോക്സുമായി ഒരു ​ഗ്രാമം - https://www.asianetnews.com/.../digital-detox-in...

251 views0 comments

Comments


bottom of page