ഫാ. അരുൺ മുണ്ടോളിക്കൽ: ഒരായുഷ്കാലം മുഴുവൻ ആദിവാസികൾക്കുവേണ്ടി ചിലവഴിച്ച ഫാ. സ്റ്റാൻ സ്വാമിയെന്ന കത്തോലിക്ക വൈദികനെ ദേശവിരുദ്ധനായി ചിത്രീകരിക്കാനാണ് ഭരണകൂട ഫാസിസ്റ്റുകളുടെ ഇപ്പോഴത്തെ ശ്രമം. വാർധക്യസഹജമായ രോഗങ്ങൾ ഉള്ള ഈ വയോധികനെ കോവിഡ് കാലത്ത് റാഞ്ചിയിൽ നിന്നു മുംബൈയിലേക്ക് കൊണ്ടു പോയിരിക്കുകയാണ് എൻ ഐ എ സംഘം.
ഖനി ലോബികളുടെ നിയമവിരുദ്ധ പ്രവർത്തനങ്ങൾക്കെതിരെ ശബ്ദമുയർത്താൻ തുടങ്ങിയതോടെയാണ് സ്റ്റാൻ സ്വാമി എന്ന ജെസ്യൂട്ട് പുരോഹിതൻ അഴിമതിക്കാരായ അധികാര വർഗ്ഗത്തിന്റെ കണ്ണിൽപെട്ടു തുടങ്ങിയത്. ധാതുസമ്പന്നമായ ജാർഖണ്ഡിലെ ആദിവാസി- വനഭൂമികൾ കൈയടക്കാനും ആദിവാസികളെ അവരുടെ പൈതൃക ഭൂമിയിൽ നിന്ന് ആട്ടിപ്പായിക്കാനും വൻ കോർപറേറ്റുകൾ ശ്രമം തുടങ്ങിയ 90 കളിലാണ് സ്റ്റാൻ സ്വാമിയുടെയും പോരാട്ടങ്ങൾ ആരംഭിക്കുന്നത്. നക്സലൈറ്റ്, മാവോയിസ്റ്റ് ബന്ധങ്ങൾ ആരോപിച്ച് ആദിവാസി യുവാക്കളെ കള്ളക്കേസുകളിൽ കുടുക്കി ജയിലുകളിൽ അടച്ചത് അദ്ദേഹം പുറത്തു കൊണ്ടു വന്നു. ജയിലുകളിൽ വിചാരണയില്ലാതെ കഴിയുന്ന ആദിവാസി യുവാക്കളിൽ ഭൂരിഭാഗം പേർക്കും യാതൊരു നക്സൽ ബന്ധങ്ങളുമില്ലെന്ന് തെളിവുകൾ സഹിതം സ്ഥാപിക്കുന്ന ഗ്രന്ഥം അദ്ദേഹം 2016 ൽ പ്രസിദ്ധീകരിച്ചു. ഭരണകൂടത്തിന് ഇത് അപ്രതീക്ഷിത തിരിച്ചടിയായിരുന്നു. 5,000 രൂപയിൽ താഴെയാണ് ജയിലിൽ കഴിയുന്ന ചെറുപ്പക്കാരുടെ വരുമാനമെന്നും അദ്ദേഹം ഈ പുസ്തകത്തിൽ തെളിവുകൾ സഹിതം സ്ഥാപിച്ചു ഇവർക്കു വേണ്ടി അഭിഭാഷകരെ നിയോഗിക്കാനും ജാമ്യമെടുക്കാനും സ്റ്റാൻ സ്വാമി എന്ന സാമൂഹ്യപ്രതിബദ്ധതയുള്ള, മനുഷ്യസ്നേഹിയായ കത്തോലിക്കാ പുരോഹിതൻരംഗത്തിറങ്ങി. 2014 ൽ കേന്ദ്രത്തിലും ജാർഖണ്ഡിലും ബി.ജെ.പി അധികാരത്തിൽ വന്നതോടെ സ്വാമിക്കെതിരായ നീക്കങ്ങൾ ശക്തമായി. 2018 ൽ ഒരു അറസ്റ്റുണ്ടായി.
കഴിഞ്ഞ ദിവസങ്ങളിൽ മണിക്കൂറുകളോളം അദ്ദേഹത്തെ ചോദ്യം ചെയ്തു. അതിനു ശേഷം വീണ്ടും ചോദ്യം ചെയ്യുന്നതിനായി മുംബൈയിൽ ചെല്ലണമെന്നു ശഠിച്ചു. വൃദ്ധനായ തനിക്ക് റാഞ്ചിയിൽ നിന്നു മുംബൈ വരെ ഈ കോവിഡ് കാലത്ത് യാത്ര ദുഷ്കരമാണെന്നും വീഡിയോ കോൺഫ്രൻസിംഗിലൂടെ ചോദ്യം ചെയ്യലിൽ സഹകരിക്കാമെന്നും അദ്ദേഹം മറുപടി നൽകിയതാണ്. അതിനു ശേഷമാണ് താമസസ്ഥലത്തു നിന്ന് അദ്ദേഹത്തെ അജ്ഞാത കേന്ദ്രത്തിലേക്കു പിടിച്ചു കൊണ്ടു പോയതും അറസ്റ്റ് രേഖപ്പെടുത്തിയതും.
നദിയും സമുദ്രവുമെന്നപോലെ ജീവനും മരണവും ഒന്നാണെന്ന ഖലീൽ ജിബ്രാന്റെ വരികൾ ഉദ്ധരിച്ചു കൊണ്ടാണ്, ഫാ.സ്റ്റാൻ സ്വാമി അറസ്റ്റ് വരിച്ചത്. അടിച്ചമർത്തപ്പെട്ടവരുടെ ആത്മനൊമ്പരങ്ങൾ ക്കുവേണ്ടി ജീവിതം സമർപ്പിച്ച കർമ്മയോഗിയായ ഈ സന്യാസിക്ക് ഒരു തരി പോലും ഭയം ഉണ്ടാവില്ല തീർച്ച. എന്നാൽ ജനാധിപത്യസംവിധാനത്തിൽ വിശ്വാസമുള്ള നാം എല്ലാവരും ഭയപ്പെട്ടേ തീരൂ. കാലഘട്ടത്തിന്റെ ദുഷ്ടശക്തികളെ വീരോചിതമായ നിലപാടുകൾ കൊണ്ട് വെല്ലുവിളിക്കുന്ന പുരോഹിത ശ്രേഷ്ഠ അങ്ങേക്ക് അഭിവാദ്യങ്ങൾ.
Comments