top of page
Writer's pictureCarlo tv

പരിശുദ്ധ കന്യകാമറിയം : സ്ത്രീകളിൽ അനുഗ്രഹിക്കപ്പെട്ടവൾ


പരിശുദ്ധ കന്യകാമറിയം എലിസബത്തിന്റെ ഭവനത്തിൽ പ്രവേശിച്ചപ്പോൾ ആത്മാവിനാൽ പൂരിതയായ എലിസബത്ത് മറിയത്തെ നോക്കിപ്പറഞ്ഞ വചനമാണ് നീ സ്ത്രീകളിൽ അനുഗ്രഹീതയാണ് (ലൂക്കാ. 1 : 42). പഴയനിയമ സ്ത്രീകളോരോരുത്തരും ഒാരോരോ തലങ്ങളിൽ തങ്ങളുടെ പ്രാഗത്ഭ്യം പ്രകടിപ്പിച്ചു. എന്നാൽ മറിയമാകട്ടെ സകലസത്ഗുണങ്ങളുടേയും സമ്പൂർണ്ണതയായി അവതരിച്ചു.

പഴയനിയമത്തിൽ ഹവ്വ ജീവനുള്ള എല്ലാത്തിന്റേയും മാതാവായിരുന്നുവെങ്കിൽ പുതിയനിയമത്തിൽ മറിയം ജീവനുള്ള എല്ലാവരുടേയും അമ്മയായിത്തീർന്നവളാണ്. ഹവ്വ സർപ്പത്തിന്റെ വാക്കുകൾ വിശ്വസിച്ചപ്പോൾ മറിയം മാലാഖയുടെ വാക്കുകൾ വിശ്വസിച്ചു. (ഉൽപ്പ 3 : 6, ലൂക്കാ. 1 :38). ഹവ്വ സാത്താനോട് സംസാരിച്ചുവെങ്കിൽ മറിയം ദൈവത്തോടു സംസാരിച്ചു. (ഉൽപ്പ 3 : 2, ലൂക്കാ. 1 :34). ഹവ്വ സാത്താന്റെ ഇംഗിതത്തിനു കീഴ്പ്പെട്ടുവെങ്കിൽ മറിയം ദൈവഹിതത്തിനു കീഴ്പ്പെട്ടു (ഉൽപ്പ 3 : 6, ലൂക്കാ. 1 :38). ഹവ്വ മരണത്തെ പ്രസവിച്ചെങ്കിൽ മറിയം നിത്യജീവന് ജന്മം നൽകി (പ്രഭാ 25 : 24, ലൂക്കാ. 2 :6).

അബ്രാഹമിന്റെ ഭാര്യ സാറാ സൗന്ദര്യമുള്ള സ്ത്രീയായിരുന്നു (ഉൽപ്പ 12 : 11).

ഇസഹാക്കിന്റെ ഭാര്യ റബേക്കാ പുത്രവാത്സല്യമുള്ളവളായിരുന്നു (ഉൽപ്പ 27 : 7-13).

ഇസ്രായേൽ മക്കൾക്ക് രക്ഷകയായിത്തീർന്ന യൂദിത്ത് ധീരവനിതയായിരുന്നു (യൂദിത്ത് 13 : 1-10).

യോവാക്കിമിന്റെ ഭാര്യയായിരുന്ന സൂസന്ന ചാരിത്ര്യവതിയായിരുന്നു (ദാനി 13 : 43).

ഒരു ജനതയുടെ രക്ഷയ്ക്കായി എസ്തേർ രാജസന്നിധിയിൽ മധ്യസ്ഥയായി. ദുഷ്ടനായ ഹാമാന്റെ നാശം എസ്തേർ ഉറപ്പാക്കിയതുപോലെ (എസ്തേർ. 7 : 10), തിന്മയുടെ ശക്തിയായ സാത്താനെ മറിയം പരാജയപ്പെടുത്തി (ഉൽപ്പ 3 : 15, ലൂക്കാ. 1 : 38).

ഇസ്രായേലിന്റെ ശത്രുവായ സിസറേയുടെ തല ഹേബറിന്റെ ഭാര്യയായ ജായേൽ എന്ന സ്ത്രീ മരയാണി അടിച്ചിറക്കി തകർത്തതുപോലെ മറിയം സാത്താന്റെ തല തകർത്തുകൊണ്ട് ഇൗ ലോകത്തിന്റെ ശക്തിയായ സാത്താന്റെമേൽ വിജയം നേടി (ന്യായാ 4 : 21).

പഴയനിയമ സ്ത്രീകളെല്ലാം ഒരു ജനതയുടെ മോചകരായി മാറിയപ്പോൾ, പുതിയനിയമത്തിലെ സ്ത്രീയായ മറിയം ലോകത്തിന്റെ മുഴുവനും രക്ഷകനായി കടന്നുവന്ന യേശുക്രിസ്തുവിന്റെ അമ്മയായി, ക്രിസ്തുവിന്റെ രക്ഷാകരപദ്ധതിയിൽ സഹരക്ഷകയായി മാറി. ക്രിസ്തുവാണ് സകലജനപദങ്ങളുടേയും രാജാവ്. അതുപോലെ സകലജനപദങ്ങളുടേയും രാജ്ഞിയാണ് പരിശുദ്ധ കന്യകാമറിയം. പഴയനിയമ സ്ത്രീകളിൽ ദൈവശക്തി നിറഞ്ഞപ്പോൾ പുതിയനിയമത്തിലെ മറിയം ദൈവാത്മാവിനാൽ നിറഞ്ഞവളായി. സാറാ ഗർഭധാരണത്തിനുള്ള ശക്തി സ്വീകരിച്ചപ്പോൾ (ഹെബ്രാ 11 : 11) മറിയം ദൈവാത്മാവിനെത്തന്നെ സ്വീകരിച്ചു.

അനുഗ്രഹിക്കപ്പെട്ടവളോട് ചേർന്നുനിന്ന് നമുക്കും അനുഗ്രഹീതരാകാം.





116 views0 comments

Comments


bottom of page