ദൈവമായ കർത്താവ് അബ്രാഹമിനോട് അരുളിച്ചെയ്തു.നിന്നെ അനുഗ്രഹിക്കുന്നവരെ ഞാനും അനുഗ്രഹിക്കും. (ഉൽപ്പ 12 : 2). ദൈവം തിരഞ്ഞെടുത്ത അബ്രാഹമിനു നൽകിയ ഇൗ വാഗ്ദാനം അബ്രാഹമിലൂടെയും അവന്റെ സന്തതിപരമ്പരകളിലൂടെയും തുടരുന്നതായി വി. ഗ്രന്ഥം സാക്ഷ്യപ്പെടുത്തുന്നു. അബ്രാഹം ഇൗ വാഗ്ദാനം സ്വീകരിച്ചത് ദൈവത്തെ സമ്പൂർണ്ണമായി അനുസരിച്ചതിലൂടെയാണ് (ഉൽപ്പ 22 : 18). നിന്റെമേലുള്ള എന്റെ ആത്മാവും നിന്റെ അധരങ്ങളിൽ ഞാൻ നിക്ഷേപിച്ച വചനങ്ങളും നിന്റേയോ നിന്റെ സന്താനങ്ങളുടേയോ അവരുടെ സന്താനങ്ങളുടേയോ അധരങ്ങളിൽനിന്ന് ഇനിയൊരിക്കലും അകന്നുപോവുകയില്ല (ഏശ 59 : 21). അനുഗ്രഹിക്കപ്പെട്ട അബ്രാഹമിന്റെ മകൻ ഇസഹാക്ക് കൃഷിയിറക്കിയപ്പോൾ നൂറുമേനി വിളവു ലഭിച്ചു. ഇസഹാക്കിന്റെ മകനായ യാക്കോബിനെ ലാബാൻ സ്വഭവനത്തിൽ സ്വീകരിച്ചതിലൂടെ അവന്റെ ആടുമാടുകൾ പെരുകി. (ഉൽപ്പ 30 : 27). യാക്കോബിന്റെ മകനായ ജോസഫിനെ വിജാതിയനായ പൊത്തിഫർ വിലകൊടുത്തുവാങ്ങി വീട്ടുവേലയ്ക്കായി നിയോഗിച്ചപ്പോൾ ജോസഫിനെയോർത്ത് ദൈവം പൊത്തിഫറിനെയും അവന്റെ വയലുകളെയും സമൃദ്ധമായി അനുഗ്രഹിച്ചു. (ഉൽപ്പ 39 : 5) ദൈവജനത്തെ വാഗ്ദത്തദേശത്തിലേയ്ക്കാനയിക്കാൻ ദൈവം തെരഞ്ഞെടുത്ത ജോഷ്വാ കാനാൻദേശം ഉറ്റുനോക്കുവാൻ നിയോഗിച്ചയച്ച ചാരന്മാരെ സ്വീകരിച്ച റാഹാബ് എന്ന വേശ്യയും കുടുംബാംഗങ്ങളും ഇസ്രായേൽക്കാരുടെ വാളിനിരയാകാതെ രക്ഷപ്പെട്ടു (ജോഷ്വാ 2 : 1-23). ദൈവജനത്തിനുവേണ്ടി സിനഗോഗ് പണിയിച്ച വിജാതിയനായ ശതാധിപന്റെ പുത്രൻ അനുഗ്രഹപൂർണ്ണനായി.
മനുഷ്യരുടെ മുമ്പിൽ എന്നെ ഏറ്റുപറയുന്നവനെ സ്വർഗ്ഗസ്ഥനായ പിതാവിന്റെ മുമ്പിൽ ഞാനും ഏറ്റുപറയും (മത്തായി 10 : 32). കർത്താവിന്റെ പക്ഷത്തുനിൽക്കുന്നവരെ സ്വീകരിക്കുന്നവർ കർത്താവിനെത്തന്നെയാണ് സ്വീകരിക്കുക (മത്തായി 10 : 48). ഇൗ ചെറിയവരിൽ ഒരുവന് ശിഷ്യന് എന്ന നിലയിൽ ഒരുപാത്രം വെള്ളമെങ്കിലും കൊടുക്കുന്നവന് പ്രതിഫലം ലഭിക്കുമെന്ന് കർത്താവ് ഉറപ്പ് തരുന്നു. അവസാനവിധിയിൽ അനുഗ്രഹപൂർണരായിത്തീരുന്നവർ ആരാണ് ? കർത്താവിന്റെ പക്ഷത്തുനിൽക്കുന്നവരെ പ്രതിഫലേച്ഛ കൂടാതെ സഹായിച്ചവരാണ്.
യേശുവിന്റെ അമ്മയെ, സ്വന്തം ഭവനത്തിൽ സ്വീകരിച്ചാദരിച്ചതിലൂടെ യോഹന്നാൻ ശ്ലീഹ ഒരു പുതിയ ഹൃദയമുള്ളവനായി മാറി. തന്റെ പുത്രനെ ദൈവാലയത്തിൽ വച്ച് മൂന്നാം ദിവസം കണ്ടെത്തിയപ്പോൾ അമ്മ പറഞ്ഞതിങ്ങനെയാണ്. മകനേ, നീ ഞങ്ങളോട് ഇങ്ങനെ ചെയ്തതെന്ത്? നിൻെറ പിതാവും ഞാനും ഉത്കണ്ഠയോടെ നിന്നെ അന്വേഷിക്കുകയായിരുന്നു. (ലൂക്ക 2 : 48). ഭർത്താവിന് പ്രഥമസ്ഥാനം നൽകി സംസാരിച്ച മറിയത്തിന്റെ സ്വഭാവം മറിയത്തെ സ്വീകരിച്ച യോഹന്നാനും ലഭിച്ചു. അതുകൊണ്ടാണ് ഉത്ഥിതനായ കർത്താവിന്റെ കല്ലറയിൽ ആദ്യം ഒാടിയെത്തിയെങ്കിലും അകത്തുകടക്കാതെ പത്രോസിന് പ്രഥമസ്ഥാനം നൽകിയത് (യോഹ 20 : 4-7). കൃപ നിറഞ്ഞവളായി കർത്താവ് കണ്ടെത്തിയ പരിശുദ്ധ കന്യകാമറിയത്തേയും അവളുടെ ഉദരഫലമായ ഇൗശോമിശിഹായേയും അനുഗ്രഹിക്കപ്പെട്ടവരെന്ന് ഏറ്റുപറഞ്ഞതിലൂടെ എലിസബത്തും അവളുടെ തലമുറയും ആത്മനിറവുള്ളവരായി മാറി. പരിശുദ്ധ കന്യകാമറിയത്തെ നമ്മുടെ ഭവനത്തിൽ സ്വീകരിച്ച് അംഗീകരിക്കുന്നതിലൂടെ നമുക്കും അനുഗ്രഹപൂർണരായി മാറാം. എലിസബത്തിനോടൊപ്പം ദൈവകൃപ നിറഞ്ഞ മറിയമേ സ്വസ്തി കർത്താവ് നിന്നോടുകൂടെ സ്ത്രീകളിൽ നീ അനുഗ്രഹിക്കപ്പെട്ടവളാകുന്നു. നിന്റെ ഉദരഫലമായ ഇൗശോ അനുഗ്രഹിക്കപ്പെട്ടവനാകുന്നു എന്ന് നമുക്കും ആവർത്തിച്ച് ഏറ്റുപറയാം.
Comments