കോവിഡ് രണ്ടാം തരംഗത്തിൽ നീറി കഴിയുകയാണ് ഇന്ത്യയിലെ ജനങ്ങൾ. കേരളത്തിൽ പ്രത്യേകിച്ച് ഗ്രാമപ്രദേശങ്ങളിൽ കോവിഡ് ഭയാനകമായി പടർന്നുപിടിച്ചു കഴിഞ്ഞിരിക്കുന്നു. മാനവകുലത്തിന് പ്രതിസന്ധി ഉണ്ടാകുമ്പോൾ ദൈവത്തിൽ ആശ്രയിക്കുകയും അതിലൂടെ പ്രതിസന്ധികളെ തരണം ചെയ്യാനുള്ള കഴിവ് ദൈവം മനുഷ്യന് കൊടുക്കുകയും ചെയ്യുന്നു. ചരിത്രത്തിൽ ഏറ്റവും വലിയ രോഗി ശുശ്രൂഷ നടത്തിയത് ക്രിസ്തു തന്നെയാണ്. അവൻറെ മാതൃക പിന്തുടർന്ന് പിന്നീട് സഭയിലെ മിഷനറിമാർ നേതൃത്വം കൊടുത്ത രോഗീപരിചരണ ശുശ്രൂഷകൾ പല രൂപത്തിലും ഭാവത്തിലും ഇന്ന് ലോകത്തിലെല്ലായിടത്തും എത്തിച്ചേർന്നിട്ടുണ്ട്. കുഷ്ഠ രോഗികളെ പരിചരിച്ച വിശുദ്ധ ഡാമിയനും അനാഥർക്ക് ആലംബമായി തീർന്ന വിശുദ്ധ മദർതെരേസയും അവരിൽ ചിലർ മാത്രം. കാലഹരണപ്പെട്ട രോഗീപരിചരണ ശുശ്രൂഷ രീതികൾ മാറ്റി നൂതനമായ സാങ്കേതികവിദ്യകൾ കൊണ്ടുവരുന്നതിലും സഭയുടെ പങ്ക് എടുത്തുപറയേണ്ടതാണ്. നൈറ്റിംഗേലിൻ്റെ ജന്മദിനം ആഗോള സമൂഹം നേഴ്സസ് ദിനമായി കഴിഞ്ഞവാരത്തിൽ ആഘോഷിച്ചു. നൈറ്റിംഗേലിൻ്റെ അനുഗ്രഹാശിസ്സുകളോടെ ആദ്യം ഡൽഹിയിലും തുടർന്ന് ഹോളിക്രോസ് സിസ്റ്റേഴ്സ് വഴി തിരുവനന്തപുരത്തും കഴിഞ്ഞ നൂറ്റാണ്ടുകളിൽ തുടങ്ങിയ നേഴ്സിങ് പഠനമേഖലകൾ നമ്മുടെ രാജ്യത്തെയും കേരളത്തെയും തന്നെ ആദ്യത്തേത് ആണ് എന്നു പറയാൻ സാധിക്കും. ഇതിനു തുടർച്ചയെന്നോണം കേരളത്തിൽ അങ്ങിങ്ങായി നിരവധി ഡിസ്പെൻസറികളും ആശുപത്രികളും
ജനസേവനത്തിനായി കേരളസഭയുടെ പരിപാലനത്തിൽ ഉയർന്നു വന്നു.
ഇപ്പോൾ മഹാമാരിയുടെ പ്രതിസന്ധികൾക്ക് നടുവിൽ ഒരു ആശ്വാസകരമായ വാർത്ത വന്നിരിക്കുകയാണ്. കോതമംഗലം,തൊടുപുഴ,മൂവാറ്റുപുഴ എന്നീ മേഖലകളിൽ താമസിക്കുന്ന കോവിഡ് പ്രതിസന്ധി മൂലം കഷ്ടപ്പെടുന്ന ജനങ്ങൾക്ക് ജാതിമതഭേദമന്യേ സേവനങ്ങൾ ചെയ്യാൻ കോതമംഗലം രൂപത മുന്നിട്ടിറങ്ങുകയാണ്. കഷ്ടപ്പെടുന്ന ജനങ്ങൾക്ക് കൈത്താങ്ങായി തീരുകയാണ് ഇതിൻറെ ലക്ഷ്യം. നിലവിൽ കോതമംഗലം രൂപതയുടെ സോഷ്യൽ സർവീസ് സൊസൈറ്റിയുടെ നേതൃത്വത്തിലുള്ള സമരിടൻസ് ടീം അമ്പതിന് മുകളിൽ മൃതസംസ്കാര ശുശ്രൂഷകൾക്ക് നേതൃത്വം നൽകി. ഇപ്പോൾ കൊവിഡ് ശുശ്രൂഷകളോട് ചേർത്ത് കൂടുതൽ സേവനങ്ങൾ സംവിധാനം ചെയ്തിരിക്കുകയാണ്. കോതമംഗലം ധർമഗിരി ഹോസ്പിറ്റൽ , മൂവാറ്റുപുഴ നിർമ്മല മെഡിക്കൽ സെൻറർ ,മുതലക്കോടം ഹോളിഫാമിലി ഹോസ്പിറ്റൽ എന്നിവരുടെ സഹകരണത്തോടെ കോവിഡ് സംശയിക്കുന്ന ആളുകൾക്ക് തികച്ചും സൗജന്യമായി തന്നെ ആൻറിജൻ ടെസ്റ്റ് ചെയ്യാൻ ഈ ഹോസ്പിറ്റലുകളിൽ സൗകര്യമൊരുക്കിയിരിക്കുന്നു. അതുകൂടാതെ, ടെസ്റ്റിൽ പോസിറ്റീവ് ആയാൽ അടിയന്തരമായി ആവശ്യമുള്ള മരുന്നുകൾ സൗജന്യമായിതന്നെ നൽകുവാനും ആശുപത്രികൾ സജ്ജരാണ്.ലോക്ക്ഡൗണിൽ പെട്ട് സാമ്പത്തിക പ്രതിസന്ധിയിലും അതോടൊപ്പം പകർച്ചവ്യാധിയുടെ ആധിക്യത്തിലും പ്രകൃതിക്ഷോഭങ്ങൾക്ക് നടുവിലും നെഞ്ചിൽ കനലും ആയി ജീവിക്കുന്ന ആളുകൾക്ക് ഈ വാർത്ത ഏറെ ആശ്വാസകരമാണ്. കോവിഡ് രോഗികളെ കൊണ്ട് നിറഞ്ഞുകവിയുന്ന ആശുപത്രികളിൽ നിന്നും പകർച്ചവ്യാധിയെ ധീരതയോടെ പ്രതിരോധിക്കുന്ന ഡോക്ടർമാരും നഴ്സുമാരും ഉൾപ്പെടെയുള്ള ആരോഗ്യ പ്രവർത്തകരിൽ നിന്നും ലഭിക്കുന്ന ഈ വാർത്ത ഏറെ പ്രതീക്ഷ നൽകുന്നതാണ്. മതിയായ സാഹചര്യമോ സാമ്പത്തിക ചുറ്റുപാടുകളോട് ഇല്ലാതെ വലയുന്ന അനേകർ കോവിഡ് സമ്പർക്കത്തിൽ ഏർപ്പെട്ടുവെങ്കിലും ടെസ്റ്റിന് വിധേയമാകാതെ പോകുന്ന സാഹചര്യം ഉണ്ടെന്ന് അധികാരികൾ നിരീക്ഷിച്ചിട്ടുണ്ട്. ഈ അവസ്ഥ മൂലം കോവിഡ് ബാധിച്ചവർ അവർ അറിയാതെതന്നെ അനേകമാളിലേക്ക് രോഗം പരത്താൻ കാരണമാകുന്നുണ്ട്. സമൂഹത്തിന് ഭീഷണിയാകുന്ന ഈ അപകടത്തിന് വലിയൊരു രീതിയിൽ തടയിടാൻ രൂപത ചെയ്യുന്ന പ്രസ്തുത സേവനം കൊണ്ട് സാധിക്കും.
നല്ല സമരിയാക്കാരൻ ആവുക എന്നുള്ള ദൗത്യം ആരോഗ്യ രംഗത്ത് പ്രവർത്തിക്കുന്നവർ മാത്രമല്ല , രൂപതയിലെ എല്ലാ ഇടവകകളിലെയും ആളുകൾ ഏറ്റെടുത്തുകഴിഞ്ഞു. മെഡിക്കൽ സംബന്ധമായ കാര്യങ്ങൾക്ക് ആരോഗ്യപ്രവർത്തകർ മുൻപിട്ട് നിൽക്കുമ്പോൾ രൂപതാ മീഡിയാ
മിനിസ്ട്രി കാർലോ കോവിഡ് വാർ റൂമിലൂടെ വെർച്ചൽ ആയി ഡിജിറ്റൽ സാങ്കേതിക വിദ്യ ഉപയോഗിച്ച് കോവിഡ് അനുബന്ധ സേവനങ്ങൾ എല്ലാം ഏകോപിപ്പിക്കുന്നു. എല്ലാ ഇടവകകളിലും 10 പേരെങ്കിലും അടങ്ങിയ ഡിസാസ്റ്റർ മാനേജ്മെൻറ് ടീം കാര്യക്ഷമമായി വർക്ക് ചെയ്യുന്നു. പ്രസ്തുത ടീമിൻറെ നേതൃത്വത്തിൽ മരുന്നുകൾ, നിത്യ ഉപയോഗ സാധനങ്ങൾ, മെഡിക്കൽ & സ്പിരിച്ചൽ സപ്പോർട്ട് എന്നിവ ഇടവകതലത്തിൽ അതിൽ ലഭ്യമാക്കുന്നു. ആരോഗ്യ പ്രവർത്തകർ,സർക്കാർ അധികാരികൾ,രോഗികൾ എന്നിവരുടെ ഇടയിലുള്ള കൃത്യമായ ക്രമീകരണങ്ങൾ നടത്താൻ ടീമിന് സാധിക്കുന്നു. ഇതു കൂടാതെ രൂപതാ കെസിവൈഎം നേതൃത്വത്തിൽ രൂപതയിലെ 12 ഫൊറോന കളിലും കൺട്രോൾ റൂമുകൾ 24 മണിക്കൂറും പ്രവർത്തിക്കുന്നു. ഫാമിലി അപ്പസ്റ്റോലേറ്റ് നേതൃത്വത്തിൽ മാനസികമായ പിരിമുറുക്കം അനുഭവിക്കുന്നവർക്ക് വഴികാട്ടാൻ സ്പിരിച്ചൽ ആൻഡ് മെഡിക്കൽ കൗൺസിലിങ് സംവിധാനം ചെയ്തിരിക്കുന്നു. ചുരുക്കത്തിൽ, നൂറിനു മുകളിൽ ഇടവകകളിൽ നിന്ന് ആയിരക്കണക്കിന് ആളുകളും രൂപതകളിലെ സംഘടനാ സംവിധാനങ്ങളും പൂർണ സജ്ജമായി കോവിഡ് പ്രതിരോധത്തിന് മുന്നിട്ടു നിൽക്കുകയാണ്. കാർലോ ടിവിയുടെ വെബ്പേജിൽ എല്ലാ സേവനങ്ങളുടെയും വിശദ വിവരങ്ങൾ ലഭ്യമാണ്. രൂപതയിലെ മറ്റു സന്യാസ ഭവനങ്ങളുടെയും സ്ഥാപനങ്ങളുടെയും നേതൃത്വത്തിലുള്ള സന്നദ്ധ സേവന പ്രവർത്തനങ്ങൾ കൂടി ചേർത്ത് നോക്കുമ്പോൾ പ്രാർത്ഥനയിലും പ്രവർത്തിയിലും ഒരേപോലെ രക്ഷാകവചം തീർക്കാൻ രൂപതാ നേതൃത്വത്തിന് സാധിക്കുന്നു.
കഴിഞ്ഞവർഷം കോവിഡ് ആദ്യമായി കേരളത്തിൽ പ്രത്യക്ഷപ്പെട്ടപ്പോൾ സഭാതലവൻ മാർ ജോർജ് ആലഞ്ചേരി പിതാവ് സഭയുടെ ഹോസ്പിറ്റലുകൾ കോവിഡ് സേവനത്തിനായി കൈകോർക്കും എന്ന് പറഞ്ഞത് മുഖ്യമന്ത്രി ഉൾപ്പെടെയുള്ള ആളുകൾ പ്രതീക്ഷയോടെ നോക്കി കണ്ടിരുന്നു. ഇപ്പോൾ പിതാവ് പറഞ്ഞ വാക്കുകൾ കോതമംഗലം രൂപതയിലൂടെ അന്വർത്ഥം ആവുകയാണ്. അമ്പതിലധികം കോവിഡ് സംസ്കാര ശുശ്രൂഷകൾ, ആയിരക്കണക്കിനാളുകൾ രാപ്പകൽ ചെയ്യുന്ന സേവനങ്ങൾ, ആരോഗ്യ പ്രവർത്തകരുടെയും ഹോസ്പിറ്റലുകളുടെയും നിസ്വാർത്ഥമായ സഹകരണം എന്നിവ ഇനിയും ജീവനുകൾ പൊലിയരുത് എന്ന ദൃഢമായ തീരുമാനത്തോടെയുള്ള ധീരമായ മുന്നേറ്റങ്ങളിൽ ചിലത് മാത്രം. രണ്ടു പ്രളയത്തെയും കോവിഡ് ഒന്നാം തരംഗത്തെയും ഫലപ്രദമായി നേരിട്ട നമ്മൾ ഇത്തവണയും വിജയിക്കും. നല്ല സമരിയാക്കാരൻ ആയി നമുക്ക് ഓരോരുത്തർക്കും മാറാം. മെയ് ഒമ്പതിന് ഫ്രാൻസിസ് പാപ്പാ പറഞ്ഞതുപോലെ പ്രതിസന്ധിയുടെ ഈ നിമിഷങ്ങളിൽ നമുക്ക് ജനങ്ങളുടെ നന്മയ്ക്കായി കൂടുതൽ ഐക്യപ്പെട്ട് ആയിരിക്കാം. കഴിഞ്ഞ രണ്ടായിരം വർഷങ്ങളിൽ സഭയുടെ മിഷൻ പ്രവർത്തനങ്ങളിലൂടെ ഒരു മൈൽ പിന്നിട്ടു. ഇപ്പോൾ താരതമ്യേന നല്ല ജീവിത സാഹചര്യം ഉള്ള സഭാമക്കൾ ഈ വിപരീത സാഹചര്യത്തിൽ രണ്ടാം മൈൽ നടക്കാനുള്ള മിഷൻ ധീരതയോടെ ഏറ്റെടുത്തിരിക്കുന്നു.നിരാശ നിറയുന്ന, അന്ധകാരം അനാവൃതമാകുന്ന നമ്മുടെ സാഹചര്യങ്ങളിൽ പ്രത്യാശയുടെ പൊൻവെളിച്ചം പകർന്നു തരുകയാണ് കോതമംഗലം രൂപതാ കുടുംബം. ജാഗ്രതയോടെ, കരുതലോടെ ഈ മഹാമാരിയെ ലോകത്തിൽ നിന്നും തുടച്ചുനീക്കാൻ നമുക്കു പ്രാർത്ഥകളാലും പ്രവർത്തനങ്ങളാലും ഒരുമിക്കാം..
-അബി കാഞ്ഞിരപ്പാറ
Comments