ചിന്തകനും, എഴുത്തുകാരനും, പ്രഭാഷകനുമായ ശ്രീ. സാധു ഇട്ടിയവിര നിര്യാതനായി. കേരളത്തിന്റെ സാംസ്കാരിക ആത്മീയ സാഹിത്യരംഗത്ത് വലിയ സംഭാവനകൾ നൽകിയ അതുല്യ വ്യക്തിത്വമായിരുന്നു ശ്രീ സാധു ഇട്ടിയവിരയുടേത്. തന്റെ ധൈഷണീക മികവും കഠിനാധ്വാനവും അടിയുറച്ച ആത്മീയ ബോധ്യങ്ങളും അദ്ദേഹത്തിന്റെ ചിന്തകളെയും പ്രഭാഷണങ്ങളെയും രചനകളെയും മിഴിവുള്ളതാക്കി തീർത്തു. ഇംഗ്ലീഷിലും മലയാളത്തിലുമായി 120 ൽ പരം പുസ്തകങ്ങളും, 9500 ഒാളം ലേഖനങ്ങളും അദ്ദേഹത്തിന്റെ സാഹിത്യ സപര്യയുടെ അടയാളപ്പെടുത്തലാണ്. കോതമംഗലം രൂപതയിലെ വിവിധ ഇടവകകളിൽ ഭക്തസംഘടനകളോട് ചേർന്ന് പ്രഭാഷണങ്ങളും ക്ലാസുകളുമായി നിറസാന്നിധ്യമായിരുന്നു ശ്രീ സാധു ഇട്ടിയവിര. മാതൃകാപരമായ കുടുംബ ജീവിതവും സന്യാസോചിതമായ സാമൂഹ്യ ഇടപെടലുകളും ഒരുമിച്ച് കൊണ്ടുപോകാൻ സിദ്ധിയുള്ള അപൂർവ്വ വ്യക്തിത്വമായിരുന്നു ശ്രീ സാധു ഇട്ടിയവിരയുടേത്. ദൈവസ്നേഹത്തിന്റെയും, മനുഷ്യസ്നേഹത്തിന്റെയും സഞ്ചരിക്കുന്ന ആൾരൂപം ആയിരുന്നു അദ്ദേഹം. ദൈവവചന പ്രഘോഷണ രംഗത്തെ നൂതന സാധ്യതകളെ പരമാവധി പ്രയോജനപ്പെടുത്താൻ അദ്ദേഹം കാണിച്ച പ്രേഷിത തീഷ്ണത മാതൃകാപരമാണ്. ജീവിതത്തിന്റെ അവസാന നിമിഷം വരെ നിറഞ്ഞ സന്തോഷവും, നന്ദിയും പ്രകടിപ്പിച്ച അദ്ദേഹം ആത്മീയ ജീവിതത്തിന്റെയും മാനുഷിക മൂല്യങ്ങളുടേയും നവീന അടയാളപ്പെടുത്തലായിരുന്നു. അന്താരാഷ്ട്ര അംഗീകാരമായ ആൽബർട്ട് ഷൈ്വറ്റ്സർ അവാർഡ് ഉൾപ്പെട്ട ചെറുതും വലുതുമായ ധാരാളം അവാർഡുകൾ അദ്ദേഹത്തെ തേടിയെത്തി. 2020ൽ ആത്മീയ സാഹിത്യത്തിനും, സംസ്കാരിക രംഗത്തിനും നൽകിയ സമഗ്ര സംഭാനകൾ പരിഗണിച്ച് കോതമംഗലം രൂപതയുടെ ആദരം അദ്ദേഹം ഏറ്റുവാങ്ങി. ഒരു കാലഘട്ടത്തിന്റെ ആത്മീയ സ്വരം തന്റെ പ്രഭാഷണത്തിലൂടെയും രചനകളിലൂടെയും പൊതുസമൂഹത്തിലേക്ക് ഭാവാത്മകമായി കൈമാറുന്നതിൽ പരിശ്രമിക്കുകയും വികസിക്കുകയും ചെയ്ത അതുല്യ വ്യക്തിത്വമാണ് ശ്രീ സാധു ഇട്ടിയവിരയുടേത്. അദ്ദേഹത്തിന്റെ വേർപാടിൽ കോതമംഗലം രൂപതയുടെ ആദരാഞ്ജലികളും പ്രാർത്ഥനകളും അറിയിക്കുന്നു. ആത്മാവിന് നിത്യശാന്തി നേരുന്നു.
top of page
bottom of page
Comments