top of page
Writer's pictureCarlo tv

സീറോ മലബാർ സഭയിൽ സകല വിശുദ്ധരുടെയും മരിച്ചവരുടെയും തിരുനാളുകൾ എന്തുകൊണ്ടാണ് നവംബർ മാസത്തിൽ അല്ലാത്തത


ആഗോള ലത്തീൻ കത്തോലിക്കാ സഭ യഥാക്രമം നവംബർ ഒന്നും രണ്ടും തീയതികൾ സകല വിശുദ്ധരുടെയും മരിച്ചവരുടെയും തിരുനാളുകൾ ആഘോഷിക്കുമ്പോൾ സീറോ മലബാർ ഉൾപ്പെടെയുള്ള മറ്റ് ആഗോള പൗരസ്ത്യ കത്തോലിക്കാ സഭകൾ വേറെ ദിവസങ്ങളിൽ ഈ തിരുനാളുകൾ ആഘോഷിക്കുന്നത് ചിലർക്കെങ്കിലും ദഹിയ്ക്കാൻ ബുദ്ധിമുട്ട് ഉള്ള കാര്യം ആണ്


എന്തുകൊണ്ട് വ്യത്യാസം?


ആരാധനാക്രമത്തിൽ ലത്തീൻ സഭ വിശുദ്ധരുടെ തിരുനാളുകളെ കേന്ദ്രീകരിച്ചു(sanctoral cycle) മുന്നേറുമ്പോൾ സുറിയാനി ആരാധന പാലിക്കുന്ന സീറോ മലബാർ സഭ ഈശോയുടെ രക്ഷണീയ കർമ്മത്തെ ധ്യാനിക്കുന്ന വിവിധ ആരാധനാക്രമ കാലങ്ങളെ(temporal cycle) കേന്ദ്രീകരിച്ചു മുന്നേറുന്നു.(ഉദാ: മംഗലവാർത്തക്കാലം). ഈശോയുടെ രക്ഷാകര കർമ്മങ്ങളോട് ബന്ധപ്പെടുത്തി ആണ് സീറോ മലബാർ സഭയിൽ ഏറ്റവും പ്രധാനപ്പെട്ട തിരുനാളുകൾ ആചരിക്കുന്നത്. അതുകൊണ്ട് മലബാർ സഭ ദനഹാക്കാലത്തെ അവസാനത്തെ വെള്ളിയാഴ്ച്ച സകല മരിച്ചവരുടെയും തിരുനാൾ കൊണ്ടാടുന്നു. ഉയിർപ്പ് ഞായർ കഴിഞ്ഞുള്ള ആദ്യത്തെ വെള്ളിയാഴ്ച സകല വിശുദ്ധരുടെയും തിരുനാളും ആചരിക്കുന്നു. ഇനി അതിന്റെ കാരണങ്ങൾ കാണാം.


A. സകല മരിച്ചവരുടെയും തിരുനാൾ


ദനഹാക്കാലത്താണ് സീറോ മലബാർ(പൗരസ്ത്യ സുറിയാനി) പാരമ്പര്യത്തിൽ ഈ തിരുനാൾ ആചരിക്കുന്നത്. ദനഹാ കാലത്ത് ഈശോ ഈ ലോകത്തിന് വെളിപ്പെട്ടതിനെക്കുറിച് ഉള്ള ധ്യാനങ്ങൾ ആണല്ലോ സഭയുടെ പ്രാർത്ഥനകളിൽ മുഴുവൻ നിഴലിക്കുന്നത്. ദനഹാ എന്ന വാക്കിന്റെ അർത്ഥം തന്നെ പ്രത്യക്ഷീകരണം, വെളിപ്പെടുത്തൽ എന്നൊക്കെയാണ്. അതുകൊണ്ട് തന്നെ ദനഹാക്കാലത്തെ വെള്ളിയാഴ്ചകൾ ഈശോയെ ഈ ലോകത്തിന് വെളിപ്പെടുത്തിയ സുവിശേഷകന്മാരെയും രക്തസാക്ഷികളെയും, മൽപ്പാന്മാരെയും വിശുദ്ധരെയും ഓർക്കുന്നതിനുള്ള തിരുനാളുകൾ ആയി നമ്മുടെ സീറോ മലബാർ സഭ ആചരിക്കുന്നു. ദനഹാക്കാലത്തെ അവസാന വെള്ളിയാഴ്ച രണ്ടു കാരണങ്ങൾ കൊണ്ട് മരിച്ചവരുടെ തിരുനാൾ ദിനം ആയി ആഘോഷിക്കുന്നു. ഒന്നാമത്തെ കാരണം മരിച്ചവർ തങ്ങളുടെ ജീവിതത്തിലൂടെ ഈശോയുടെ ദനഹാ ആയി മാറിയവർ ആണ് എന്നതാണ്. അഥവാ തങ്ങളുടെ ജീവിതത്തിലൂടെ ഈശോയെ ലോകത്തിന് വെളിപ്പെടുത്തിയവർ/ നൽകിയവർ ആണ്. രണ്ടാമത്തെ കാരണം ദനഹാകാലത്തെ ഈ അവസാന വെള്ളി കഴിഞ്ഞ് ഉടൻ നോമ്പുകാലം ആരംഭിക്കുന്നു എന്നതാണ്. നോമ്പുകാലത്ത് ഈശോയുടെ പീഡാസഹനവും മരണവും ഒക്കെയാണല്ലോ ധ്യാനവിഷയങ്ങൾ. മരിച്ചവർ തങ്ങളുടെ ജീവിതകാലത്ത് ഈശോയുടെ സഹനത്തിലും മരണത്തിലും പങ്കുചേർന്നവർ ആണ്.


B. സകല വിശുദ്ധരുടെയും തിരുനാൾ....


ഉയിർപ്പ് കാലത്തെ ആദ്യവെള്ളിയാഴ്ച്ച ആണ് സീറോ മലബാർ സഭ സകല വിശുദ്ധരുടെയും തിരുനാൾ ആചരിക്കുന്നത്. അതിന് ചരിത്രപരമായ ഒരു പശ്ചാത്തലം കൂടിയുണ്ട്. പൗരസ്ത്യ സുറിയാനി സഭയുടെ കാതോലിക്ക(പാത്രീയർക്കീസ്) ആയിരുന്ന മാർ ശെമയോൻ ബർസബായും മറ്റു പല മെത്രാന്മാരും വിശ്വാസത്തെപ്രതി AD 341 ൽ ദുഃഖവെള്ളിയാഴ്ച്ച ദിവസം രക്തസാക്ഷിത്വം വരിച്ചു. അവർ മരിച്ചത് ദുഃഖവെള്ളിയാഴ്ച്ച ആയതിനാൽ അതിനുശേഷം വരുന്ന വെള്ളിയാഴ്ച അവരുടെ ഓർമ്മ ആചരിച്ചു തുടങ്ങി. കാലക്രമത്തിൽ സകല വിശുദ്ധരുടെയും ഓർമ്മയായി ഈ ദിവസം മാറി. ഉയിർപ്പു തിരുനാൾ കഴിഞ്ഞുള്ള വെള്ളിയാഴ്ച്ച കർത്താവിനോട് കൂടെ വിജയം പ്രാപിച്ചവരായ വിശുദ്ധരെ അനുസ്മരിക്കുന്നത് കൂടുതൽ യുക്തിസഹമാണല്ലോ.


ഉപസംഹാരം


കത്തോലിക്കാ കൂട്ടായ്മയിലെ ഏറ്റവും വലിയ വ്യക്തിസഭയായ റോമൻ കത്തോലിക്കാ സഭ(ലത്തീൻ സഭ)യോടൊപ്പം ഈ രണ്ടു തിരുനാളുകളും ആചരിക്കാതിരിക്കുന്നത് ഒരു വൈരാഗ്യബുദ്ധിയുടെ ഭാഗം ആണെന്നു ചിന്തിക്കുന്നവർക്ക് ഉള്ള മറുപടികൾ ആണ് പറയാൻ ശ്രമിച്ചത്. Temporal cycle അഥവാ ആരാധനാക്രമവത്സരത്തെ കേന്ദ്രമാക്കി മുൻപോട്ട് പോകുന്ന പൗരസ്ത്യ സുറിയാനി ക്രമം പാലിക്കുന്ന സീറോ മലബാർ സഭ അതിന്റെ തനതായ ആചാരണങ്ങൾ വഴി സാർവത്രിക സഭാ കൂട്ടായ്മയ്ക് തന്നെ വലിയ നിക്ഷേപം ആണ് സമ്മാനിക്കുന്നത്. തിരുനാളുകളെ മിശിഹായുടെ രക്ഷാകര ദൗത്യങ്ങളോട് ചേർത്തു വച്ച് ആഘോഷിക്കാനും ധ്യാനിക്കാനും ആണ് പൗരസ്ത്യ സുറിയാനി പിതാക്കന്മാർ എന്നും ശ്രമിച്ചിട്ടുള്ളത്

18 views0 comments

Comments


bottom of page