ഒരുങ്ങാൻ കിട്ടിയ അവസരം നന്നായി പൂർത്തിയാക്കി ദൈവപിതാവിന്റെ പക്കലേക്കു മടങ്ങിപ്പോവുകയാണ് ജോർജുകുട്ടി അച്ചൻ. തന്റെ വൈദീക സേവനകാലഘട്ടം ആത്മാർത്ഥതയോടെ സത്യസന്ധതയോടെ ജീവിച്ച് തീർത്ത യുവവൈദീകൻ. രക്‌താർബ്ബുദ രോഗബാധിതനായിരുന്നിട്ടും പ്രത്യാശയോടെ ജീവിതത്തെ സമീപിച്ചു. കോതമംഗലം രൂപതയുടെ, ഞങ്ങൾ വൈദീക കൂട്ടായ്മയുടെ അഭിമാനമായിരുന്നു ജോർജുകുട്ടി അച്ചൻ. കോതമംഗലം മൈനർ സെമിനാരിയിൽ വെച്ചാണ് അച്ചനെ ആദ്യമായി പരിചയപ്പെടുന്നത്. അച്ചൻ സ്നേഹത്തോടെ എന്റെ വൈദീക പരിശീലനത്തിന്റെ ആദ്യനാളുകൾ നല്ല സൗഹൃദം തന്ന് സന്തോഷഭരിതമാക്കി തീർത്തു. വീണ്ടും അച്ചനുമായി ഏറെ സൗഹൃദത്തിലാകുന്നത് മംഗലപ്പുഴയുടെ ചുറ്റുവട്ടങ്ങളിൽ വെച്ചാണ്. ഒരു സഹോദരനെ പോലെ എന്നെ ചേർത്തു നിർത്തി, തിരുത്തലുകൾ നൽകി കൂടെ കൊണ്ട് നടന്ന നല്ല ദിനങ്ങൾ ഓർമ്മിച്ചെടുക്കുന്നു. പിന്നീട് തൊടുപുഴ, എന്റെ ഇടവക അതിർത്തിയിലുള്ള ഡിവൈൻ മേഴ്‌സി ഷ്റൈൻ ഓഫ് ഹോളി മേരി-യിൽ അച്ചൻ അസിസ്റ്റന്റ് റെക്ടർ ആയിരിക്കുമ്പോൾ ആണ് അദ്ദേഹത്തിന്റെ വൈദീക തീക്ഷണതയും, നല്ല ആത്മീയതയും ഞാൻ കണ്ടുമനസ്സിലാക്കുന്നത്. ഡീക്കൻ ആയപ്പോഴുള്ള എന്റെ പ്രസംഗങ്ങളെല്ലാം ഒരുക്കമുള്ളതാക്കി, മികവുള്ളതാക്കി മാറ്റുന്നതിൽ പ്രധാന പങ്ക് വഹിച്ചത് അച്ചനാണ്. അതിലേറെ ആത്മീയ സ്വാതന്ത്ര്യം അദ്ദേഹത്തിൽ ഞാൻ അനുഭവിച്ചു. അച്ചന്റെ അടുക്കൽ കുമ്പസാരിച്ച നല്ല നാളുകളും മറക്കാനാവില്ല. പൗരോഹിത്യം സ്വപ്നം കണ്ട എനിക്ക് അത് യഥാർഥ്യമാക്കി തരുന്നതിൽ ഒരുപാട് ഭൗതീക-ആത്മീയ സഹായം അച്ചൻ ചെയ്തിട്ടുണ്ട്.
എല്ലാവർക്കും ജോർജുകുട്ടി അച്ചൻ പ്രിയങ്കരനായിരുന്നു. അച്ചന്റെ വാക്കുകളെക്കാളേറെ ജീവിതം കൊണ്ട് തന്റെ പൗരോഹിത്യത്തിന്റെ ആത്മീയ ഗന്ധം മറ്റുള്ളവർക്ക് പങ്കുവെച്ച വ്യക്തി.
പ്രിയപ്പെട്ട അച്ചാ, അച്ചന്റെ വേർപാട് തീർച്ചയായും ഞങ്ങൾക്കെല്ലാം വേദനയുളവാക്കുന്നു. എങ്കിലും ജീവിതത്തിൽ കരുതിയിരിക്കാനും ജീവിതം അലസമാക്കി മാറ്റാതെ അധ്വാനിക്കാൻ അങ്ങയുടെ ജീവിതം കൊണ്ട് ഞങ്ങളെ ഓർമ്മപ്പെടുത്തി.
അച്ചന്റെ ബാച്ചുകാരുടെ സ്നേഹവും ഞങ്ങളെ അത്ഭുതപ്പെടുത്തി. എപ്പോഴും അച്ചന്റെ അരികിൽ ബാച്ചിലെ ആരെങ്കിലും ഒരാൾ എപ്പോഴും കൂടെയുണ്ടായിരുന്നു. പൗരോഹിത്യത്തിന്റെ സ്വാതന്ത്ര്യം എത്രമാത്രം വിലപ്പെട്ടതാണെന്ന് ഞങ്ങളെയെല്ലാം ഓർമ്മിപ്പിച്ചു ഈ കൂട്ടായ്മ. പൗരോഹിത്യത്തിൽ ജനിക്കുന്ന ഓരോ വൈദീകന്റെയും ജീവിതത്തിലെ ഏറ്റവും നല്ല സുഹൃത്തുക്കൾ ബാച്ചുകാർ തന്നെയാണെന്ന് അച്ചന്റെ ബാച്ചുകാരും ഓർമ്മപ്പെടുത്തി.
നർമ്മത്തിൽ കലർന്ന സംസാര ശൈലി തന്നെ അച്ചന്റെ വ്യക്തിത്വത്തിന്റെ വലിയ പ്രത്യേകത തന്നെയായിരുന്നു. മറക്കാനാവില്ല ആ നല്ല നാളുകൾ. ഇനി ഞങ്ങൾക്ക് വേണ്ടി പ്രാർത്ഥിക്കാൻ അച്ചൻ ഞങ്ങളോടൊപ്പമുണ്ടെന്ന് ഞങ്ങൾക്കറിയാം. അച്ചൻ ശാരീരികമായി മാത്രമേ ഞങ്ങളിൽ നിന്ന് പിരിയുന്നുള്ളു. അച്ചന്റെ നന്മകൾ ഞങ്ങളുടെ ഹൃദയത്തിൽ നിന്ന് ഒരിക്കലും പിരിയുന്നില്ല. നന്ദി അച്ചാ അച്ചൻ പകർന്ന നന്മകൾക്കെല്ലാം.
'ഈശോയെ, ഏറെ തീക്ഷണതയുള്ള രണ്ടാമത്തെ യുവവൈദീകനെയാണ് ഈ അടുത്ത വർഷങ്ങളിൽ കോതമംഗലം രൂപതക്ക് നഷ്ടമാകുന്നത്. എങ്കിലും അതിലേറെ തീക്ഷണതയുള്ള വൈദീകരെക്കൊണ്ട് ഞങ്ങളുടെ രൂപതയെ, സഭയെ ധന്യമാക്കണമേ'
-ഫാ. പോൾ കളത്തൂർ
Comments