വിശ്വാസികൾ അധിവസിക്കുന്ന സ്ഥലങ്ങളിലെ പ്രാദേശിക ഭാഷകളിൽ ആരാധനപ്പതിപ്പുകൾ അവതരിപ്പിക്കാവുന്നതാണെങ്കിലും ഐക്യത്തിനു വിഘാതമായ ആരാധനക്രമത്തിലെ വ്യതിരിക്തതകള്‍ ഉപേക്ഷിക്കണമെന്ന് ആഹ്വാനം ചെയ്ത് ഫ്രാൻസിസ് മാർപാപ്പ.
സൂനഹദോസുകൾ നിശ്ചയിച്ചതും പരിശുദ്ധ സിംഹാസനം അംഗീകരിച്ചതുമായ ഏകീകൃത അര്‍പ്പണരീതി അനുവര്‍ത്തിച്ച് ഐക്യം സംജാതമാക്കേണ്ടത് അനിവാര്യമാണെന്ന് അദ്ദേഹം തുടർന്നു പറഞ്ഞു. കഴിഞ്ഞദിവസം നടന്ന പൗരസ്ത്യസഭാ കാര്യാലയത്തിന്റെ സമ്പൂർണ സമ്മേളനത്തെ അഭിസംബോധന ചെയ്തു പ്രസംഗിക്കുകയായിരുന്നു മാർപാപ്പ. ആരാധനക്രമാനുഷ്ഠാനത്തിൽ അനുവർത്തിക്കുന്ന “തനതു ശൈലികൾ’ആ സഭകളിലെ അനൈക്യമാണു വെളിപ്പെടുത്തുന്നത്.ഇതര ഓർത്തഡോക്സ്, പൗരസ്ത്യ സഭകളിലെ ആരാധന ക്രമഗ്രന്ഥങ്ങൾതന്നെയാണ് പൗരസ്ത്യ കത്തോലിക്കാ സഭകളും ഏറെക്കുറെ ഉപയോഗിക്കുന്നത്. അതുകൊണ്ട് സഭൈക്യം ലക്ഷ്യംവച്ചു മുന്നേറുമ്പോൾ പരീക്ഷണങ്ങൾ നടത്തുന്നതു വളരെ ശ്രദ്ധിച്ചുവേണമെന്നും നിർഭാഗ്യവശാൽ അടുത്തയിടെ ഉണ്ടായതുപോലെ ആരാധനക്രമപരമായ തർക്കങ്ങൾ വഴി ഉതപ്പുനൽകുകയാണെങ്കിൽ നാം ഛിദ്രശക്തികളുടെ കളിപ്പാവയായി മാറുമെന്നും പാപ്പാ പറഞ്ഞു.
ഉടനെ നടക്കാൻ പോകുന്ന സിനഡിനെയും ഫ്രാൻസിസ് മാർപാപ്പ പരാമർശിച്ചു. “സിനഡൽ പ്രക്രിയ’ഒരു പാർലമെന്ററി സംവിധാനമല്ല. ദൈവാത്മാവിന്റെ പ്രവർത്തനമാണത്. പൗരസ്ത്യസഭകളിൽ ആരാധനക്രമം എന്നത് സ്വർഗം ഭൂമിയിൽ ആവിഷ്കൃതമാകുന്ന വേളയാണ്.പൗരസ്ത്യസഭകളിലെ അൾത്താരവിരിയോ ചിത്രഫലകമോ ദൈവത്തിൽനിന്ന് അകറ്റുകയല്ല, ദൈവവചനത്തിന്റെ മനുഷ്യാവതാര രഹസ്യം കൂടുതൽ മഹത്വവത്കരിക്കുകയാണ്. പ്രവേശക കൂദാശകൾ ഒന്നിച്ചു നൽകുന്ന പൗരസ്ത്യ പാരന്പര്യത്തെ പ്രകീർത്തിച്ച മാർപാപ്പ ഓരോ ക്രൈസ്തവന്റെയും പ്രേഷിതദൗത്യത്തെയും പാപ്പാ എടുത്തു പറഞ്ഞു.
Comments