top of page
Writer's pictureCarlo tv

ലോകത്ത് ഏറ്റവുമധികം സ്വാധീനമുള്ള വനിതകളുടെ ബി‌ബി‌സി പട്ടികയില്‍ കത്തോലിക്ക കന്യാസ്ത്രീയും


സിംഗപ്പൂര്‍: ലോകത്ത് ഏറ്റവുമധികം സ്വാധീനമുള്ള നൂറു വനിതകളെക്കുറിച്ചുള്ള ബിബിസിയുടെ വാര്‍ഷിക പട്ടികയില്‍ സിംഗപ്പൂര്‍ സ്വദേശിനിയായ കത്തോലിക്ക കന്യാസ്ത്രീയും. സിസ്റ്റര്‍ ജെറാര്‍ഡ് ഫെര്‍ണാണ്ടസ് എന്ന കന്യാസ്ത്രീയാണ് ബി‌ബി‌സി പട്ടികയില്‍ ഇടംപിടിക്കുന്ന ആദ്യത്തെ സിംഗപ്പൂര്‍ സ്വദേശിനി എന്ന ഖ്യാതിയോടെ ബഹുമതിക്ക് അര്‍ഹയായിരിക്കുന്നത്. മരണം കാത്തുകിടക്കുന്ന പതിനെട്ടു പേര്‍ക്കൊപ്പം അവരുടെ അന്ത്യംവരെ സഞ്ചരിച്ചവള്‍, ഹൃദയം നുറുങ്ങിയവരെ സഹായിക്കുന്നവള്‍ തുടങ്ങിയ വിശേഷണങ്ങളാണ് എണ്‍പത്തിയൊന്നു വയസ്സു പ്രായമുള്ള കന്യാസ്ത്രീക്കു ബിബിസി നല്‍കിയിരിക്കുന്നത്. നാല്‍പ്പതിലധികം വര്‍ഷങ്ങളോളം മരണശിക്ഷക്ക് വിധിക്കപ്പെട്ട് ജയിലില്‍ കഴിയുന്നവര്‍ക്കിടയില്‍ കൗണ്‍സലിംഗ് സേവനം ചെയ്ത ഒരാളാണ് സിസ്റ്റര്‍ ജെറാര്‍ഡ്. 1981-ല്‍ ദുര്‍മന്ത്രവാദത്തിനിടെ രക്തം ബലിനല്‍കുന്നതിനായി രണ്ടു കുട്ടികളുടെ ജീവനെടുക്കുന്നതില്‍ അഡ്രിയാന്‍ ലിം എന്ന കൊലപാതകിയെ സഹായിച്ചതിന്റെ പേരില്‍ 1988-ല്‍ വധശിക്ഷക്കിരയായ കാതറിന്‍ ടാന്‍ മുയി ചൂ, ഹോയ് കാ ഹോങ് എന്നിവരുള്‍പ്പെടെ പതിനെട്ടോളം പേര്‍ക്കൊപ്പം സഞ്ചരിച്ച് അവരുടെ അന്ത്യത്തെ സമാധാനപൂര്‍വ്വം സ്വീകരിക്കുന്നതിന് അവരെ സഹായിച്ചത് സിസ്റ്റര്‍ ജെറാര്‍ഡ് ആയിരുന്നു. സിസ്റ്ററിന്റെ ഒരു മുന്‍ വിദ്യാര്‍ത്ഥിനി കൂടിയായായിരുന്ന ടാന്‍ മൂയി ചൂ വിനെ വധശിക്ഷക്ക് വിധിച്ചതറിഞ്ഞപ്പോള്‍ തൊട്ടടുത്ത ദിവസം തന്നെ അവരെല്ലാവരും കൊല്ലപ്പെടുമെന്നും, ഉടനടി എന്തെങ്കിലും ചെയ്യണമെന്നും തനിക്ക് തോന്നിയതായി അഭിമുഖത്തില്‍ സിസ്റ്റര്‍ വെളിപ്പെടുത്തിയിട്ടുണ്ട്.


പ്രിസണ്‍ ഡയറക്ടറായിരുന്ന ക്വെക്ഷി ലെയില്‍ നിന്നും ടാനിനെ കാണുവാന്‍ അനുവാദം നേടിയ സിസ്റ്റര്‍ അവരുടെ മരണം വരെ എല്ലാ ആഴ്ചയിലും അരമണിക്കൂര്‍ നേരം അവരെ സന്ദര്‍ശിക്കുകയും അവരുടെ വിധിയെ സ്വീകരിക്കുന്നതിനായി അവരെ ഒരുക്കുകയുമായിരുന്നു. സിസ്റ്റര്‍ ജെറാര്‍ഡും ഫാ. ബ്രയാന്‍ ഡോറോ, ഫാ. പാട്രിക് ഒ നെയില്‍ എന്നീ റിഡംപ്റ്ററിസ്റ്റ് വൈദികരും ചേര്‍ന്ന് കത്തോലിക്ക പ്രിസണ്‍ മിനിസ്ട്രിക്ക് രൂപം നല്‍കിയിരിന്നു. ഇതില്‍ സജീവമായി സിസ്റ്റര്‍ രംഗത്തുണ്ട്. നേരത്തെ ബിബിസിയുടെ വാര്‍ത്താ ലേഖകനായ ഹീതര്‍ ചെന്‍ ആണ് സിസ്റ്റർ ജെറാര്‍ഡിന്റെ പേര് ഈ പട്ടികയിലേക്ക് നിര്‍ദ്ദേശിച്ചത്.


തന്റെ എണ്‍പത്തിയൊന്നാം വയസ്സില്‍ ഇത്തരമൊരു ബഹുമതി താന്‍ പ്രതീക്ഷിച്ചിരുന്നതല്ലെന്നാണ് സിസ്റ്റര്‍ ജെറാര്‍ഡ് പറയുന്നു. യു.എസ് കോണ്‍ഗ്രസ് പ്രതിനിധി അലെക്സാണ്ട്രിയ ഒക്കാസിയോ-കോര്‍ട്ടെസ്, കാലാവസ്ഥാ വ്യതിയാനത്തിനെതിരെ ശബ്ദമുയര്‍ത്തി ശ്രദ്ധയാകര്‍ഷിച്ച സ്വീഡന്‍ സ്വദേശിനി ഗ്രേറ്റ തുന്‍ബെര്‍ഗ്, ഫിലിപ്പീന്‍സ് സ്വദേശിനിയും മാധ്യമപ്രവര്‍ത്തകയുമായ മരിയ റെസ്സ എന്നിവരാണ് സിസ്റ്റര്‍ ജെറാര്‍ഡിനൊപ്പം പട്ടികയില്‍ ഇടംപിടിച്ചിരിക്കുന്ന മറ്റ് പ്രമുഖ വനിതകള്‍. കഴിഞ്ഞ വര്‍ഷം പുറത്തിറങ്ങിയ 'സിസ്റ്റര്‍' എന്ന ഷോര്‍ട്ട് ഫിലിമിന്റെ ഇതിവൃത്തം സിസ്റ്റര്‍ ജെറാര്‍ഡിന്റെ ജീവിതമായിരുന്നു.


കടപ്പാട് : മാർത്തോമാ മാർഗം

164 views0 comments

Комментарии


bottom of page