top of page

മതവ്യത്യാസം എന്ന തടസ്സത്തില്‍ നിന്നുള്ള ഒഴിവ് (Dispensation from Disparity of Cult)

Writer's picture: Carlo tvCarlo tv

സഭാനിയമമനുസരിച്ച് മതവ്യത്യാസം (Disparity of Cult) കൗദാശികമായ വിവാഹത്തിന് തടസ്സമാണ്. സാധുവായ മാമ്മോദീസാ സ്വീകരിച്ച സ്ത്രീയും പുരുഷനും തമ്മില്‍ മാത്രമേ കൗദാശികമായ വിവാഹം സാദ്ധ്യമാവുകയുള്ളൂ എന്നതിനാലാണത്. എന്നാല്‍ രൂപതാമെത്രാന്‍ ഒഴിവാക്കാനാവാത്ത സാഹചര്യങ്ങളില്‍ മതവ്യത്യാസം (Disparity of Cult) എന്ന തടസ്സത്തില്‍ നിന്ന് വ്യക്തികള്‍ക്ക് ഒഴിവ് നല്കാറുണ്ട്. എങ്ങനെയാണ് ഈ പ്രക്രിയയെ മനസ്സിലാക്കേണ്ടത്?


1. ഇത്തരം വിവാഹങ്ങള്‍ സാധാരണഗതിയില്‍ സംഭവിക്കാറുള്ളതല്ല. അക്രൈസ്തവരുമായുള്ള വിവാഹം ഗൗരവതരമായ കാരണങ്ങളുടെ പേരില്‍ ഒഴിവാക്കാന്‍ കഴിയാതെ വരുന്ന സന്ദര്‍ഭങ്ങളുണ്ടാവാം. എന്നാല്‍ കത്തോലിക്കാ വിശ്വാസിയായ പാര്‍ട്ടിക്ക് വിശ്വാസജീവിതം തുടരണമെന്ന് ആഗ്രഹവുമുണ്ട്. സഭാനിയമം ലംഘിച്ച് വിവാഹം കഴിച്ചാല്‍ കൗദാശികജീവിതം തുടരാനാവാത്ത വിധം സ്ഥിരമായ പാപാവസ്ഥയില്‍ ആയിരിക്കുകയും ചെയ്യും. ഈ വിഷമസന്ധിയില്‍ രൂപതാമെത്രാനെ തന്റെ വിഷമസ്ഥിതി ബോദ്ധ്യപ്പെടുത്തുകയാണ് പ്രസ്തുത വ്യക്തി ചെയ്യുന്നത്.


2. രൂപതാമെത്രാനെ സംബന്ധിച്ചിടത്തോളം തനിക്ക് ഭരമേത്പിക്കപ്പെട്ടിരിക്കുന്ന അജഗണത്തിന്റെ ആത്മീയമായ സുസ്ഥിതിയും സുരക്ഷിതത്വവും പ്രധാനപ്പെട്ടതാണ്. കൗദാശികജീവിതത്തില്‍ നിന്ന് സ്ഥിരമായി അകലം പാലിക്കേണ്ടി വരുന്ന ഒരു സാഹചര്യത്തിലേക്ക് പ്രസ്തുത വ്യക്തി പതിക്കാതിരിക്കാന്‍ രൂപതാമെത്രാന്‍ വിവാഹതടസ്സമായ മതവ്യത്യാസത്തില്‍ നിന്ന് (Disparity of Cult) പ്രസ്തുത വ്യക്തിക്ക് ഒഴിവ് നല്കുന്നു. ഇവിടെ കത്തോലിക്കാപാര്‍ട്ടിയുടെ ആത്മരക്ഷ മാത്രമാണ് പരിഗണിക്കപ്പെടുന്നത്.


3. ഒഴിവ് നല്കപ്പെടുമ്പോഴും വിശ്വാസം ഉപേക്ഷിക്കില്ലായെന്നും മറ്റൊരു മതാചാരപ്രകാരം വിവാഹം നടത്താതിരിക്കാനും മക്കളെ മാമ്മോദീസാ മുക്കാനും അയാളുടെ കഴിവനുസരിച്ച് പരിശ്രമിക്കുമെന്നുള്ള ഉറപ്പ് നല്കേണ്ടതുണ്ട്.


4. ഇപ്രകാരം ഒഴിവ് നല്കപ്പെടുന്നുവെങ്കിലും വിവാഹം കൗദാശികമാവുകയില്ല. കാരണം, ഒരു പാര്‍ട്ടി മാമ്മോദീസാ സ്വീകരിച്ചിട്ടില്ല. കത്തോലിക്കാപാര്‍ട്ടിയുടെ ആവശ്യപ്രകാരം ഒരു പ്രാര്‍ത്ഥനാശുശ്രൂഷ ആഡംബരരഹിതമായി ദേവാലയത്തില്‍ വച്ച് നടത്തിക്കൊടുക്കുകയും ചെയ്യും.


5. ഇതരമതസ്ഥരുമായി വിവാഹം കഴിക്കാന്‍ അനുവാദത്തിന് അപേക്ഷിക്കുമ്പോള്‍ സദുദ്ദേശത്തോടെ വാഗ്ദാനം ചെയ്യുന്നതെല്ലാം പാലിക്കാന്‍ കത്തോലിക്കാപാര്‍ട്ടിക്ക് ചിലപ്പോള്‍ സാധിച്ചുകൊള്ളണമെന്നില്ല. തന്റെ വാഗ്ദാനപാലനത്തിന്റെ കാര്യത്തില്‍ ദൈവത്തോടാണ് പ്രഥമമായും ഈ വ്യക്തി ഉത്തരം പറയേണ്ടത്. മറ്റുള്ളവരുടെ ബാഹ്യമായ വിലയിരുത്തലുകള്‍ക്ക് ഇക്കാര്യത്തില്‍ ഇടമില്ല.


6. മതവ്യത്യാസത്തില്‍ നിന്നുള്ള ഒഴിവ് നേടി വിവാഹം നടത്തുന്നവര്‍ക്ക് പ്രസ്തുത കൂദാശയുടെ കൗദാശികവരപ്രസാദമോ കത്തോലിക്കാകുടുംബമെന്ന ആനുകൂല്യമോ ലഭിക്കുകയില്ല. എങ്കിലും അവിശ്വാസിയായ ഭര്‍ത്താവ് ഭാര്യ മുഖേനയും അവിശ്വാസിയായ ഭാര്യ ഭര്‍ത്താവ് മുഖേനയും വിശുദ്ധീകരിക്കപ്പെടുമെന്ന് (1 കൊറി. 7,14) തിരുസ്സഭ ഉറച്ച് വിശ്വസിക്കുകയും ചെയ്യുന്നു.


സമാപനം


മതവ്യത്യാസത്തില്‍ നിന്ന് ഒഴിവ് മേടിച്ച് സഭാത്മകജീവിതം തുടരണമെന്ന ആഗ്രഹത്തോടെ തന്നെ ഇതരമതസ്ഥരെ പ്രത്യേകസാഹചര്യങ്ങളി‍ല്‍ വിവാഹം കഴിക്കുന്നവരുടെ ആത്മസ്ഥിതി സംബന്ധിച്ച സഭയുടെ ദീര്‍ഘവീക്ഷണത്തോട് ആദരവ് പുലര്‍ത്തിക്കൊണ്ട് തന്നെ എറണാകുളത്ത് നടന്ന വിവാഹത്തില്‍ ഒരു മേല്പട്ടക്കാരന്‍ സംബന്ധിച്ചത് പത്രത്തില്‍ പരസ്യം ചെയ്യപ്പെടാനിടയായ സാഹചര്യത്തെ അങ്ങേയറ്റം അപലപിക്കുന്നു. ക്രൈസ്തവകുടുംബങ്ങളിലെ പെണ്‍കുട്ടികളെ ആകര്‍ഷിക്കുന്നതിന് വേണ്ടി ജിഹാദികള്‍ നടത്തുന്ന വിവധങ്ങളായ ശ്രമങ്ങളെക്കുറിച്ച് കൃത്യമായ ബോദ്ധ്യമുള്ളതുകൊണ്ടുതന്നെയാണ് ബന്ധപ്പെട്ടവരുടെ ഭാഗത്ത് നിന്ന് വന്ന ഔചിത്യക്കുറവിനെ ചൂണ്ടിക്കാണിക്കാന്‍ ധൈര്യപ്പെടുന്നതും.


✍️Noble Thomas Parackal

121 views0 comments

Comments


bottom of page