കാക്കനാട്: തലശ്ശേരി അതിരൂപതയുടെ ആർച്ച്ബിഷപ്പായി മാർ ജോസഫ് പാംപ്ലാനിയും പാലക്കാട് രൂപതയുടെ ബിഷപ്പായി മാർ പീറ്റർ കൊച്ചുപുരയ്ക്കലും നിയമിക്കപ്പെട്ടു. 2022 ജനുവരി മാസം 7 മുതൽ കാക്കനാട് മൗണ്ട് സെന്റ് തോമസിൽ നടന്നുകൊണ്ടിരുന്ന സിനഡിലാണു തെരഞ്ഞെടുപ്പു നടന്നത്. ഇതു സംബന്ധമായുള്ള ഔദ്യോഗിക പ്രഖ്യാപനം ഇന്നു (2022 ജനുവരി 15 ശനി) റോമൻ സമയം ഉച്ചയ്ക്കു 12 മണിക്കു വത്തിക്കാനിലും ഇന്ത്യൻ സമയം ഉച്ചതിരിഞ്ഞ് 4.30ന് കാക്കനാട് സീറോമലബാർ മേജർ ആർക്കി എപ്പിസ്കോപ്പൽ കൂരിയായിലും പ്രസിദ്ധപ്പെടുത്തി. കാക്കനാട് മൗണ്ട് സെന്റ് തോമസിൽ സീറോമലബാർ സഭാ മേജർ ആർച്ച്ബിഷപ് കർദിനാൾ മാർ ജോർജ് ആലഞ്ചേരിയാണു പ്രഖ്യാപനം നടത്തിയത്. അറിയിപ്പിനു ശേഷം മാർ ആലഞ്ചേരിയും തലശ്ശേരി ആർച്ച്ബിഷപ് മാർ ജോർജ് ഞറളക്കാട്ടും പാലക്കാട് ബിഷപ് മാർ ജേക്കബ് മനത്തോടത്തും നിയുക്ത പിതാക്കന്മാരെ പൊന്നാട അണിയിച്ചും ബൊക്കെ നല്കിയും അനുമോദിച്ചു. സീറോമലബാർസഭാ സിനഡിൽ പങ്കെടുക്കുന്ന പിതാക്കന്മാരും വൈദികരും സിസ്റ്റേഴ്സും അല്മായ സഹോദരങ്ങളും തദവസരത്തിൽ സന്നിഹിതരായിരുന്നു.
തലശ്ശേരി അതിരൂപതയുടെ നിയുക്ത ആർച്ച്ബിഷപ് മാർ പാംപ്ലാനി, പാംപ്ലാനിയിൽ തോമസ്മേരി ദമ്പതികളുടെ ഏഴു മക്കളിൽ അഞ്ചാമനായി 1969 ഡിസംബർ 3ന് ജനിച്ചു. തലശ്ശേരി അതിരൂപതയിലെ ചരൾ ഇടവകാംഗമാണ്. ചരൾ എൽ. പി. സ്കൂൾ, കിളിയന്തറ യു. പി. സ്കൂൾ, ഹൈസ്കൂൾ എന്നിവിടങ്ങളിലായി സ്കൂൾ വിദ്യാഭ്യാസവും നിർമ്മലഗിരി കോളേജിൽ പ്രീഡിഗ്രിയും കേരളാ യൂണിവേഴ്സിറ്റിയിൽനിന്നു ഡിഗ്രിയും പൂർത്തിയാക്കിയ അദ്ദേഹം വൈദികപരിശീലനത്തിനായി തലശ്ശേരി മൈനർ സെമിനാരിയിൽ ചേർന്നു. തുടർന്നു ആലുവാ സെന്റ് ജോസഫ് പൊന്തിഫിക്കൽ സെമിനാരിയിൽ തത്വശാസ്ത്രപഠനവും ദൈവശാസ്ത്രപഠനവും നടത്തിയ നിയുക്ത ആർച്ച്ബിഷപ് 1997 ഡിസംബർ 30ന് മാർ ജോസഫ് വലിയമറ്റം പിതാവിൽ നിന്നു പൗരോഹിത്യം സ്വീകരിച്ചു. തുടർന്ന് പേരാവൂർ പള്ളിയിൽ അസിസ്റ്റന്റ് വികാരിയായും ദീപഗിരി ഇടവകയിൽ വികാരിയായും ശുശ്രൂഷ ചെയ്തു. 2001ൽ ഉപരിപഠനാർഥം ബൽജിയത്തിലെത്തിയ നിയുക്ത ആർച്ച്ബിഷപ് പ്രസിദ്ധമായ ലുവെയിൻ കാത്തലിക് യൂണിവേഴ്സിറ്റിയിൽ നിന്നു ബൈബിൾ വിജ്ഞാനീയത്തിൽ ലൈസൻഷ്യേറ്റും ഡോക്ടറേറ്റും നേടി. 2006ൽ നാട്ടിൽ തിരിച്ചെത്തി തലശ്ശേരി ബൈബിൾ അപ്പസ്റ്റൊലേറ്റ് ഡയറക്ടറായി നിയമിതനായി. ആൽഫാ ഇൻസ്റ്റിറ്റ്യൂട്ടിന്റെ സ്ഥാപകനായ ബിഷപ് പാംപ്ലാനി ആലുവാ, വടവാതൂർ, കുന്നോത്ത്, തിരുവനന്തപുരം സെന്റ് മേരീസ്, ബാംഗ്ലൂർ സെന്റ് പീറ്റേഴ്സ് എന്നീ മേജർ സെമിനാരികളിൽ വിസിറ്റിംഗ് പ്രൊഫസ്സറായി സേവനമനുഷ്ഠിച്ചിട്ടുണ്ട്. അറിയപ്പെടുന്ന ദൈവശാസ്ത്രജ്ഞനും പ്രസംഗകനും ധ്യാനഗുരുവും നിരവധി ഗ്രന്ഥങ്ങളുടെ രചയിതാവുമായ നിയുക്ത ആർച്ച്ബിഷപ് 2017 നവംബർ 8 മുതൽ തലശ്ശേരി അതിരൂപതയുടെ സഹായമെത്രാനാണ്. മലയാളത്തിനു പുറമേ ഇംഗ്ലീഷ്, ജർമൻ, ലത്തീൻ, ഗ്രീക്ക്, ഹീബ്രു ഭാഷകളിൽ പ്രാവീണ്യമുണ്ട്. തലശ്ശേരി അതിരൂപത അധ്യക്ഷനായിരുന്ന മാർ ജോർജ് ഞറളക്കാട്ട് വിരമിച്ച ഒഴിവിലേക്കാണ് മാർ ജോസഫ് പാംപ്ലാനി ഇപ്പോൾ നിയമിതനായിരിക്കുന്നത്.
പാലക്കാട് രൂപതയുടെ മൂന്നാമത്തെ മെത്രാനായിട്ടാണു മാർ പീറ്റർ കൊച്ചുപുരയ്ക്കൽ നിയമിക്കപ്പെടുന്നത്. 1964 മെയ് 29ന് പാലാ രൂപതയിലെ മരങ്ങോലി ഇടവകയിലാണു ജനനം. മാതാപിതാക്കൾ പരേതരായ മാണിയും ഏലിക്കുട്ടിയും. 1981ൽ പാലക്കാട് രൂപതയുടെ മൈനർ സെമിനാരിയിൽ ചേർന്ന അദ്ദേഹം ആലുവാ സെന്റ് ജോസഫ് പൊന്തിഫിക്കൽ സെമിനാരിയിലാണു തത്വശാസ്ത്രവും ദൈവശാസ്ത്രവും പഠിച്ചത്. 1990 ഡിസംബർ 29ന് അഭിവന്ദ്യ ജോസഫ് പള്ളിക്കാപറമ്പിൽ പിതാവിൽ നിന്നു പൗരോഹിത്യം സ്വീകരിച്ചു. പാലക്കാട് രൂപതയിലെ വിവിധ ഇടവകകളിൽ ശുശ്രൂഷ ചെയ്ത അദ്ദേഹം സഭാകോടതിയുടെ അധ്യക്ഷനായും രൂപതാ ചാൻസലറായും വികാരി ജനറാളായും മൈനർ സെമിനാരി റെക്ടറായും സേവനമനുഷ്ഠിട്ടുണ്ട്. ബാഗ്ളൂർ സെന്റ് പീറ്റേഴ്സ് ഇൻസ്റ്റിറ്റ്യൂട്ടിൽ നിന്നും സഭാനിയമത്തിൽ ലൈസൻഷ്യേറ്റ് പഠനം പൂർത്തിയാക്കിയ നിയുക്ത മെത്രാൻ റോമിലെ പൊന്തിഫിക്കൽ ഓറിയന്റൽ ഇൻസ്റ്റിറ്റ്യൂട്ടിൽ നിന്നു ഡോക്ടറേറ്റും കരസ്ഥമാക്കി. മലയാളത്തിനു പുറമേ ഇംഗ്ലീഷ്, ജർമൻ, ഇറ്റാലിയൻ ഭാഷകളിൽ പ്രാവീണ്യമുണ്ട്. 2020 ജനുവരി 15ന് പാലക്കാട് സഹായമെത്രാനായി നിയമിക്കപ്പെട്ട ഇദ്ദേഹം 2020 ജൂൺ 18ന് അഭിഷിക്തനായി. പാലക്കാട് രൂപതാധ്യക്ഷനായിരുന്ന മാർ ജേക്കബ് മനത്തോടത്ത് വിരമിച്ച ഒഴിവിലേക്കാണ് മാർ പീറ്റർ കൊച്ചുപുരയ്ക്കൽ ഇപ്പോൾ നിയമിതനായിരിക്കുന്നത്.
നിയുക്ത പിതാക്കന്മാരുടെ സ്ഥാനാരോഹണം സംബന്ധിച്ച തീയതികൾ പിന്നീട് തീരുമാനിക്കുന്നതാണ്.
Comments