top of page

മെഡിക്കൽ വിദ്യാർഥികൾക്ക് ആശ്വാസം: ഫീസ് കുറച്ച് ക്രിസ്ത്യൻ മാനേജ്മെന്റുകൾ

Writer: Carlo tvCarlo tv


മെഡിക്കല്‍ പ്രവേശനത്തിന്റെ അവസാന സമയത്ത് ഉണ്ടായിട്ടുള്ള അനിശ്ചിതത്വം കുട്ടികളേയും മാതാപിതാക്കളേയും ഒരു തരത്തിലും ബാധിക്കരുതെന്നും, ആ സാഹചര്യം കണക്കിലെടുത്ത് ക്രിസ്ത്യന്‍ മെഡിക്കല്‍ മാനേജ്‌മെന്റിനു കീഴിലുള്ള മെഡിക്കല്‍ കോളജുകളില്‍ ഈ വര്‍ഷം പ്രവേശനം നേടുന്ന വിദ്യാര്‍ത്ഥികളില്‍ നിന്നു ജസ്റ്റീസ് രാജേന്ദ്രബാബു കമ്മിറ്റി തീരുമാനിച്ച ഫീസ് ഈടാക്കിയാല്‍ മതിയെന്നും ധാരണ. ഇതു സംബന്ധിച്ച് ക്രിസ്ത്യന്‍ മെഡിക്കല്‍ മാനേജ്‌മെന്റ് തീരുമാനം പ്രവേശനപരീക്ഷാ കമ്മീഷണറെ അറിയിച്ചു.


ക്രിസ്ത്യന്‍ മെഡിക്കല്‍ മാനേജ്‌മെന്റ് കോളജുകളായ തൃശൂര്‍ അമല, ജൂബിലി, കോലഞ്ചേരി മലങ്കര ഓര്‍ത്തഡോക്‌സ്, തിരുവല്ല പുഷ്പഗിരി എന്നീ മെഡിക്കല്‍ കോളജുകള്‍ യോഗം ചേര്‍ന്ന് കോവിഡ് രോഗബാധയുണ്ടാക്കിയിരിക്കുന്ന സാമ്പത്തിക ഞെരുക്കത്തിന്റെ കൂടി പശ്ചാത്തല ത്തില്‍ ഈ വര്‍ഷം പ്രവേശനം തേടുന്ന വിദ്യാര്‍ത്ഥികള്‍ക്ക് പരമാവധി ആശ്വാസകരമായ നിലപാട് സ്വീകരിക്കുകയായിരുന്നു.ഒരു വിദ്യാര്‍ഥിക്ക് 13 ലക്ഷം വരെ പ്രതിവര്‍ഷം ചെലവു വരുന്നുണ്ടെങ്കിലും കോടതി ഉത്തരവുകള്‍ അനുകൂലമാകുന്ന പക്ഷം ഈ വര്‍ഷം പ്രവേശനം നേടുന്ന വിദ്യാര്‍ത്ഥികളില്‍ നിന്നു വാര്‍ഷിക ഫീസായി പരമാവധി 7.65 ലക്ഷം രൂപ മാത്രം ആവശ്യപ്പെട്ടാല്‍ മതിയെന്നും തീരുമാനിച്ചു. സ്വാശ്രയ മെഡിക്കല്‍ കോളജുകളിലെ ഫീസ് നിര്‍ണയത്തിന് കേരള ഹൈക്കോടതി ആവര്‍ത്തിച്ചു നല്‍കിയ മാനദണ്ഡങ്ങളും സമയക്രമവും അവഗണിച്ച് ഈ വര്‍ഷവും ഫീസ് നിശ്ചയിച്ച ഫീ റെഗുലേറ്ററി കമ്മിറ്റിയുടെ നടപടിയാണു വിദ്യാര്‍ത്ഥികളെ അനിശ്ചിതത്വത്തിലാക്കിയതെന്നും അസോസിയേഷന്‍ അഭിപ്രായപ്പെട്ടു. കഴിഞ്ഞ മൂന്നു വര്‍ഷങ്ങളിലും ഫീ റെഗുലേറ്ററി കമ്മിറ്റി നിശ്ചയിച്ച ഫീസ് ഘടന കേരള ഹൈക്കോടതി റദ്ദുചെയ്യുകയും കോളജുകളുടെ വരവ് ചെലവുകളുടെ അടിസ്ഥാനത്തില്‍ ഓരോ കോളജിന്റെയും ഫീസ് നിര്‍ണയിക്കുന്നതിനുള്ള മാനദണ്ഡങ്ങളും ഫീസ് നിര്‍ണയവും പ്രവേശന നടപടികള്‍ ആരംഭിക്കുന്നതിനു മുമ്പുതന്നെ പൂര്‍ത്തികരിക്കുന്നതിനുള്ള സമയക്രമം മുന്‍വര്‍ഷത്തില്‍ നിശ്ചയിക്കുകയും ചെയ്തിരുന്നു.


കടപ്പാട് : പ്രവാചകശബ്ദം

 
 
 

Comments


bottom of page