തിരുവനന്തപുരം: സംസ്ഥാനത്ത് ലോക്ഡൗൺ മെയ് 23 വരെ നീട്ടി. തിരുവനന്തപുരം, തൃശൂർ, എറണാകുളം, മലപ്പുറം ജില്ലകളിൽ 16 ന് ശേഷം ട്രിപ്പിൾ ലോക്ഡൗൺ ഏർപ്പെടുത്തിയതായും മുഖ്യമന്ത്രി പിണറായി വിജയൻ അറിയിച്ചു.
കോവിഡ് രോഗവ്യാപനത്തിന്റെ തോത് കുറയാത്തതിനാലാണ് ലോക്ഡൗൺ നീട്ടിയത്. ഇന്ന് ചേർന്ന കോവിഡ് അവലോകനയോഗത്തിൽ ലോക്ഡൗൺ നീട്ടണമെന്ന് വിദഗ്ധ സമിതി ശിപാർശ ചെയ്തിരുന്നു.
രോഗവ്യാപനം കുറയ്ക്കാനാണ് കടുത്ത നിയന്ത്രണമെന്നു മുഖ്യമന്ത്രി പറഞ്ഞു. നേരത്തെ കാസർഗോഡ് നടപ്പാക്കിയതുപോലുള്ള കടുത്ത നിയന്ത്രണമായിരിക്കും ട്രിപ്പിൾ ലോക്ഡൗൺ ഏർപ്പെടുത്തിയ ജില്ലകളിലുണ്ടാവുക. ടിപിആർ നിരക്കിൽ കുറവ് വരാത്ത സാഹചര്യത്തിലാണിത്. കടുത്ത നടപടികളിലൂടെമാത്രമേ രോഗവ്യാപനത്തിന്റെ തോത് കുറച്ചുകൊണ്ടുവരുവാൻ സാധിക്കുവെന്നും മുഖ്യമന്ത്രി ചൂണ്ടിക്കാട്ടി.
മെയ് മാസം കേരളത്തിന് അതിനിർണായകമാണെന്ന് മുഖ്യമന്ത്രി പറഞ്ഞു. പരമാവധി ശ്രദ്ധ പുലർത്തിയാൽ മരണം കുറച്ച് നിർത്താനാക്കും. മഴ ശക്തമായാൽ രോഗവ്യാപനം കൂടാനുള്ള സാധ്യതയുണ്ടെന്നും അദ്ദേഹം കൂട്ടിച്ചേർത്തു. കോവിഡ് അവലോകന യോഗത്തിനു ശേഷം വാർത്താ സമ്മേളനത്തിലാണ് അദ്ദേഹം ഇക്കാര്യം അറിയിച്ചത്.
Comments