കാക്കനാട്: സീറോമലബാർ സഭയുടെ പ്രേഷിതവാരത്തോടനുബന്ധിച്ചു സീറോമലബാർ മിഷൻ ഓഫീസും വിശ്വാസപരിശീലന കമ്മീഷനും സംയുക്തമായി നടത്തിയ മിഷൻ ക്വസ്റ്റ് എന്ന ഓൺലൈൻ ക്വിസ്സ് പ്രോഗ്രാമിന്റെ ആഗോളതല വിജയികളെ പ്രഖ്യാപിച്ചു. വിദ്യാർഥികളുടെ വിഭാഗത്തിൽ കോതമംഗലം രൂപതയിലെ അഗാസാ ബെന്നി ഒന്നാം സ്ഥാനവും ഗ്രേറ്റ് ബ്രിട്ടൻ രൂപതയിലെ ഗ്രേസ് ജോണി രണ്ടാം സ്ഥാനവും തക്കല രൂപതയിലെ അന്നാ രാജ് മൂന്നാം സ്ഥാനവും നേടി. മുതിർന്നവരുടെ വിഭാഗത്തിൽ തക്കല രൂപതയിലെ ഗീത ആർ ഒന്നാം സ്ഥാനവും ഗോരഖ്‌പൂർ രൂപതയുടെ ടോണി ജോസ് രണ്ടാം സ്ഥാനവും ഹൊസൂർ രൂപതയിലെ ഓ എഫ് നീന മൂന്നാം സ്ഥാനവും കരസ്ഥമാക്കി. സീറോമലബാർ സഭയുടെ കേന്ദ്ര കാര്യാലയമായ കാക്കനാട് മൗണ്ട് സെന്റ് തോമസിൽ സിനഡ് പിതാക്കന്മാരുടെ സാന്നിധ്യത്തിലാണ് പ്രഖ്യാപനം നടന്നത്. വിജയികൾക്കുള്ള സമ്മാന തുകയും പ്രശസ്തിപത്രവും അതാതു രൂപതകളിലെ മെത്രാന്മാർ സഭയുടെ മേജർ ആർച്ച്ബിഷപ് കർദിനാൾ മാർ ജോർജ് ആലഞ്ചേരി പിതാവിൽനിന്നും ഏറ്റുവാങ്ങി. മുപ്പത്തിയഞ്ചു രൂപതകളിലായി ആഗോളതലത്തിലുള്ള സീറോമലബാർ വിശ്വാസികളെ ഒരേ വേദിയിൽ കൊണ്ടുവരാൻ മിഷൻ ക്വിസ്സിന്റെ സംഘാടകരായ സീറോമലബാർ മിഷൻ ഓഫീസിനും വിശ്വാസപരിശീലന കമ്മീഷനും സാധിച്ചത് അഭിനന്ദനാർഹമാണെന്ന് കർദിനാൾ മാർ ജോർജ് ആലഞ്ചേരി അഭിപ്രായപ്പെട്ടു.
ജനുവരി 9ന് ഞായറാഴ്‌ച ഓൺലൈനായി നടത്തിയ ക്വിസ്സ് മത്സരം അഞ്ച് ഭാഷകളിൽ അഞ്ച് വ്യത്യസ്ത ടൈം സോണുകളിലായാണ് ക്രമീകരിച്ചത്. വി. ലൂക്കായുടെ സുവിശേഷം, 2023ൽ റോമിൽ നടക്കാനിരിക്കുന്ന സിനഡിന്റെ ഒരുക്ക രേഖ, സീറോമലബാർ സഭയെക്കുറിച്ചുള്ള പൊതുവിജ്ഞാനം എന്നീ വിഷയങ്ങളെ ആസ്പദമാക്കിയാണ് മിഷൻ ക്വിസ്സ് 2022 തയ്യാറാക്കിയത്. ആഗോളതലത്തിലും രൂപതാ തലത്തിലുമുള്ള മത്സരവിജയികളെ അതാത് രൂപതാ വിശ്വാസപരിശീലന കേന്ദ്രങ്ങളിൽ നിന്നും അറിയിക്കുന്നതാണ്. സീറോമലബാർ മിഷൻ ഓഫീസ് സെക്രട്ടറി ഫാ. സിജു ജോർജ് അഴകത്ത് എം എസ് ടി, മതബോധന കമ്മീഷൻ സെക്രട്ടറി ഫാ. തോമസ് മേൽവെട്ടത്ത്, സി നമ്രത, സി ജിസ് ലെറ്റ് എന്നിവരാണ് മത്സരങ്ങൾക്ക് നേതൃത്വം നൽകിയത്.
Commentaires