top of page
Writer's pictureDefault

യുദ്ധഭൂമിയിലെ ചിറകില്ലാത്ത മാലാഖമാർ


അപ്രതീക്ഷിതമായി റഷ്യയും ഉക്രൈനും തമ്മിലുണ്ടായ യുദ്ധത്തിൻ്റെ ഇരകളായി ലക്ഷക്കണക്കിന് ആൾക്കാർ ഉക്രൈനിൽ നിന്നും പാലായനം ചെയ്തപ്പോൾ ആ രാജ്യത്തെ ഭയാനകമായ സാഹചര്യങ്ങളിൽ നിന്ന് രക്ഷപ്പെടാൻ നെട്ടോട്ടമോടുകയായിരുന്നു ആയിരക്കണക്കിന് മലയാളി വിദ്യാർത്ഥികൾ അടങ്ങിയ ഇന്ത്യാക്കാർ.


ഉക്രൈനിൻ്റെ വിവിധ ഭാഗങ്ങളിൽ നിന്ന് മൂന്നുനാലു ദിവസം നടന്ന് അതിർത്തിയിലെത്തി കൊടുംതണുപ്പിൽ കിലോമീറ്ററുകൾ നീണ്ട ക്യൂവിൽ മണിക്കൂറുകൾ കാത്തുനിന്നിട്ടും ബോർഡർ കടക്കാൻ കഴിയാതെ നിസ്സഹായരായി തിരിച്ചുനടക്കാൻ പ്ലാൻ ചെയ്യുമ്പോഴാണ് അങ്കമാലിക്കാരിയായ സിസ്റ്റർ ലിജി പയ്യമ്പള്ളിയുടെ കോൾ അവരെ തേടിയെത്തുന്നത്. അവശരായ വിദ്യാർത്ഥികളുടെ വേദന മനസിലാക്കിയ സിസ്റ്റർ ലിജി വളരെ വേഗത്തിൽ തന്നെ പോളണ്ടിൻ്റെ ബോർഡറിൽ നിന്ന് സുരക്ഷിതമായ മറ്റൊരു സ്ഥലത്ത് ഈ വിദ്യാർത്ഥികളെ എത്തിക്കാൻ ഉക്രൈനിലെ ഒരു മെത്രാനെയും വൈദികരെയും വാഹനങ്ങളുമായി പറഞ്ഞയച്ചു. രണ്ടു രാത്രി കൊടുംതണുപ്പിൽ ഒരു സ്കൂളിൽ കിടന്നുറങ്ങിയ ഒരു പറ്റം യുവജനങ്ങൾക്ക് വിശ്വസിക്കാൻ കഴിയാത്തവിധം താമസ സൗകര്യവും സ്വീകരണവും ഭക്ഷണവും ഒക്കെ ആ മെത്രാൻ്റെയും വൈദികരുടേയും നേതൃത്വത്തിൽ ഏർപ്പാടാക്കി.


കീവിൽ നിന്നും ലിവീവിൽ നിന്നും ഖാർക്കീവിൽ നിന്നും പിന്നെ വിദ്യാർഥികളുടെ ഒരു നീണ്ട നിര തന്നെ സിസ്റ്റർ ലിജിയുടെ നേതൃത്വത്തിൽ റുമേനിയാ, ഹംഗറി, സ്ലോവാക്യ എന്നീ രാജ്യങ്ങളുടെ അതിർത്തിയിലേക്ക് ഒഴുകി. തീർത്തും അവശരായവരും ആദ്യം എത്തിയവരുമായ നൂറുകണക്കിന് വിദ്യാർഥികൾക്കും തങ്ങളുടെ ധ്യാനമന്ദിരത്തിൻ്റെ ഭാഗമായ കെട്ടിടങ്ങളിൽ അഭയം നൽകി. ഭക്ഷണവും വെള്ളവും നൽകാനും വിശ്രമത്തിനു വേണ്ടി ഹീറ്റിംഗ് സംവിധാനം ഉള്ള മുറി ഒരുക്കാനും ആ കോൺവെൻ്റിലെ മറ്റ് രണ്ട് മലയാളി കന്യാസ്ത്രീകളും ഉക്രൈൻകാരായ 18 കന്യാസ്ത്രീകളും കഠിനപരിശ്രമം തന്നെ നടത്തി.


ചങ്ങനാശ്ശേരി-പാലാ രൂപതകൾ കേന്ദ്രീകരിച്ച് പ്രവർത്തിക്കുന്ന പ്രവാസി അപ്പോസ്തലേറ്റ് സംഘടനയോടും വേൾഡ് മലയാളി ഫെഡറേഷനോടും (WMF) ചേർന്ന് ഉക്രൈനിലെ സിസ്റ്റേഴ്‌സ് ഓഫ് സെൻ്റ് ജോസഫ് ഓഫ് സെൻ്റ് മാർക്ക് കോൺവെൻ്റിലെ സിസ്റ്റർ ലിജിയും കൂട്ടരും നിരവധി ഗ്രൂപ്പ് വിദ്യാർത്ഥികളെ അതിർത്തിയിൽ എത്തിച്ചു. മൂന്നു രാജ്യങ്ങളുടെ അതിർത്തി കടക്കാൻ ഉക്രൈൻ സുഹൃത്തുക്കളുടെ സഹായം തേടിയ സിസ്റ്റർ ലിജി അത്യാവശ്യ സാഹചര്യങ്ങളിൽ കോൺവെൻ്റിലെ വണ്ടി സ്വയം ഡ്രൈവ് ചെയ്തു വിദ്യാർത്ഥികളെ അതിർത്തി കടക്കാൻ സഹായിച്ചു. 20 വർഷത്തിൽ അധികമായി ഉക്രൈനിൽ സേവനം ചെയ്യുന്ന സിസ്റ്റർ ലിജിക്ക് ഉക്രൈൻ ഗവൺമൻ്റ് ബഹുമാന സൂചകമായി നൽകിയ ഉക്രൈൻ പൗരത്വം ഈ ഒരു സാഹചര്യത്തിൽ വളരെ ഉപകാരമായി തീർന്നു.


ഇന്നലെ വൈകിട്ട് 1500 കുട്ടികളെ സ്ലോവാക്യയായുടെ അതിർത്തിയിലേയ്ക്ക് സിസ്റ്റർ ലിജി പയ്യമ്പള്ളിയുടെ നേതൃത്വത്തിൽ രക്ഷപ്പെടുത്തി. മാതാപിതാക്കളുടെ അനുവാദത്തോടെ സ്വന്തം റിസ്കിൽ ട്രെയിനിൽ കയറിയ വിദ്യാർത്ഥികൾ ഉഷ്‌ഹോറോഡ്‌ ലക്ഷ്യമാക്കി യാത്ര പുറപ്പെട്ടപ്പോൾ ഉഷ്‌ഹോറോഡ്‌ യൂണിവേഴ്‌സിറ്റിയിലെ ഡയറക്ടർ അലക്സാണ്ടറുമായി സിസ്റ്റർ ലിജി സംസാരിച്ചു വേണ്ട മുൻകരുതലുകൾ എടുത്തു. ഉഷ്‌ഹോറോഡിൽ വേൾഡ് മലയാളി ഫെഡറേഷൻ (WMF) പ്രവർത്തകരും എല്ലാ സഹായത്തിനും സിസ്റ്റർ ലിജി പയ്യമ്പള്ളിയുടെയും കൂട്ടരുടെയും കൂടെ ഉണ്ടായിരുന്നു.


ദുരന്തഭൂമിയിൽ നിശബ്ദ സേവനം ചെയ്യുന്ന ഈ കന്യാസ്ത്രീമാർ തങ്ങളുടെ മേന്മയോ, കഷ്ടപ്പാടോ, ത്യാഗങ്ങളോ വിളിച്ച് പറയാൻ ഒരു മീഡിയയുടെയോ, ക്യാമറയുടെയോ മുമ്പിൽ എത്താത്തതിനാൽ അധികമാരും ഇവരെ ശ്രദ്ധിക്കാൻ ഇടവന്നിട്ടില്ല. കേരളത്തിലെ ചാനലുകളിൽ ഇരുന്ന് മണിക്കൂറുകൾ ക്രൈസ്തവ സന്യാസത്തെ വലിച്ച് കീറുന്ന മഹാൻമാർക്കും മഹതികൾക്കും ഏറ്റവും സ്നേഹപൂർവ്വം ഈ സന്യസ്തരുടെ സേവനങ്ങൾ സമർപ്പിക്കുന്നു.


✍🏽 സ്നേഹപൂർവ്വം,


സി. സോണിയ തെരേസ് ഡി. എസ്. ജെ



14 views0 comments

Comments


bottom of page